ഡബ്ലിന്‍ : പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും അവസാനിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതനുസരിച്ച് ഫെബ്രുവരി 28 മുതല്‍ രാജ്യത്ത് അവശേഷിക്കുന്ന എല്ലാ ആരോഗ്യ നിയന്ത്രണ നടപടികളും നിര്‍ത്തലാക്കും. സ്‌കൂളുകളിലും റീട്ടെയില്‍ ക്രമീകരണങ്ങളിലും പൊതുഗതാഗതത്തിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധിതമല്ലാതാകുന്നതിനൊപ്പം തീരുമാനം വ്യക്തിഗതമാകും. നിയന്ത്രണങ്ങള്‍ ആരോഗ്യ രംഗത്തുമാത്രമായി ചുരുങ്ങും.
പൊതുഗതാഗതത്തില്‍ ആളുകള്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ഉപദേശം നിലനില്‍ക്കും. എന്നാല്‍ നിയമപരമായ ബാധ്യതയാകില്ല. സ്‌കൂളുകളിലെ പോഡ്‌സും ശാരീരിക അകലം പാലിക്കല്‍ നടപടികളും അടുത്ത ആഴ്ച അവസാനിക്കും. ടെസ്റ്റിംഗും ട്രേയ്സിംഗും കുറയ്ക്കും. എന്‍ഫെറ്റും വൈന്റ് അപ്പ് ചെയ്യും. എന്നിരുന്നാലും, ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസ് രോഗത്തിൻറെ എപ്പിഡെമിയോളജിക്കല്‍ പ്രൊഫൈല്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനുള്ള എന്‍ഫെറ്റ് ശുപാര്‍ശകളെ മൂന്ന് സര്‍ക്കാര്‍ പാര്‍ട്ടികളും അംഗീകരിച്ചിരുന്നു.
അതിനിടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുന്നതില്‍ ആശങ്കയറിയിച്ച് അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. ഈ വര്‍ഷം പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കൂടുതല്‍ തടസ്സമുണ്ടാക്കുമെന്ന് ടീച്ചേഴ്‌സ് യൂണിയന്‍ ഓഫ് അയര്‍ലണ്ട് പറഞ്ഞു.
ചില ആളുകള്‍ക്കിടയില്‍ ഇപ്പോഴും മാസ്‌കിനെച്ചൊല്ലി പരിഭ്രാന്തിയുണ്ടെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു. ഇതംഗീകരിക്കുന്നുവെന്നും അങ്ങനെയുള്ളവര്‍ക്ക് പൊതുഗതാഗതത്തില്‍ മാസ്‌ക് ധരിക്കുന്നത് തുടരാമെന്നും മന്ത്രി വ്യക്തമാക്കി. മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ ആളുകള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഗതാഗത മന്ത്രി ഇമോണ്‍ റയാന്‍ പറഞ്ഞു.