യൂറോപ്പിന് പുതിയ യുദ്ധമുന്നണി, ഭാഗമാകാനൊരുങ്ങി അയര്‍ലണ്ട്

Europe Headlines Russia Ukraine

ബ്രസല്‍സ് : സൈനിക നിഷ്പക്ഷതയുടെ പാരമ്പര്യം കൈവിട്ട് യൂറോപ്പിൻറെ പുതിയ യുദ്ധമുന്നണിയുടെ ഭാഗമാകാനൊരുങ്ങുകയാണ് അയര്‍ലണ്ട്. റഷ്യ-ഉക്രൈന്‍ യുദ്ധം കൊണ്ടുവന്ന സുപ്രധാന മാറ്റങ്ങളിലൊന്നാകും അയര്‍ലണ്ടിൻറെ ഈ നയംമാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശകാര്യമന്ത്രി സൈമണ്‍ കോവനേയാണ് രാജ്യത്തിൻറെ ഈ മനംമാറ്റത്തെക്കുറിച്ച് സൂചന നല്‍കിയത്. റാപ്പിഡ് റീയാക്ഷന്‍ ഫോഴ്സാണ് യൂറോപ്യന്‍ യൂണിയനില്‍ രൂപം കൊള്ളുന്നത്. 2025-ഓടെ ഇത് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് കരുതുന്നത്.

ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ രൂപംകൊള്ളുന്ന പുതിയ യൂറോപ്യന്‍ യൂണിയന്‍ യുദ്ധ മുന്നണിയുടെ ഭാഗമാകാന്‍ അയര്‍ലണ്ടിന് അവസരം കൈവന്നിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. അയര്‍ലണ്ട് അതിൻറെ ഭാഗമാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. സമാധാനപാലനമാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്. ഏതുസമയത്തും എവിടെയും കൂട്ടായ ഇടപെടലിനുള്ള പൊതുനയം രൂപപ്പെടുത്താനാണ് സേന ശ്രമിക്കുകയെന്നും കോവനേ പറഞ്ഞു. സമാധാന പരിപാലന യൂണിറ്റുകളില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഐറിഷ് ഡിഫെന്‍സ് ഫോഴ്സും ഇതില്‍ ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയ്‌ക്കെതിരായി കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചചെയ്തു വരികയാണെന്ന് കോവനെ പറഞ്ഞു. റഷ്യയുടെ എണ്ണ, വാതക കയറ്റുമതി വെട്ടിക്കുറയ്ക്കുകയെന്നതാണ് ഒരു പോംവഴിയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ 80-90% വരെ റഷ്യന്‍ വിഭവങ്ങളെ ആശ്രയിക്കുന്നത് കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു.