ഐപിഎല്‍ മെഗാ ലേലം: ആദ്യ ദിനത്തില്‍ ഏറ്റവും ചെലവേറിയ താരമായി ഇഷാന്‍ കിഷന്‍

Business Entertainment Headlines Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിൻറെ ആദ്യ ദിനം പൂര്‍ത്തിയായി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ലേലത്തിൻറെ ആദ്യ ദിനം രാത്രി 9.30 വരെ നീണ്ടു. ആകെ 161 താരങ്ങളാണ് ഇന്ന് 10 ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലെത്തിയത്. നാല് ഇന്ത്യന്‍ താരങ്ങളും ആറ് വിദേശ കളിക്കാരുമുള്‍പ്പെട്ട മാര്‍ക്വീ താരങ്ങളുടെ ലേലം ആണ് ആദ്യം നടന്നത്. ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ് അയ്യരാണ് മാര്‍ക്വി താരങ്ങളില്‍ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. പുതിയ നായകനെ അന്വേഷിച്ച് നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 12.25 കോടി രൂപയ്ക്കാണ് അയ്യരിനെ സ്വന്തമാക്കിയത്. അതേസമയം, മെഗാ താരലേലത്തില്‍ ഇതുവരെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയത് ഇന്ത്യന്‍ യുവ താരം ഇഷാന്‍ കിഷനാണ്. ഹൈദരാബാദിനെയും പഞ്ചാബിനെയും ഗുജറാത്തിനെയും മറികടന്ന് വാശിയേറിയ ലേലം വിളിക്കൊടുവില്‍ മുംബൈ ഇന്ത്യന്‍സ് തന്നെ 15.25 കോടി രൂപ മുടക്കി ഇഷനെ സ്വന്തമാക്കുകയായിരുന്നു.

മാര്‍ക്വീ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ആദ്യം ‘നറുക്ക് വീണത്’. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. കാഗിസോ റബാഡയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് ആര്‍സിബി സ്വന്തമാക്കി. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ 5 കോടിക്കും കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ 8 കോടിക്കും രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

മലയാളി ആരാധകര്‍ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ശ്രീശാന്തിനെയാണ്. നാളെയായിരിക്കും ശ്രീശാന്തിനായുള്ള ലേലം വിളി. 39 വയസുള്ള താരത്തെ ഏതെങ്കിലും ടീം സ്വന്തമാക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതേസമയം, മലയാളി താരങ്ങളായ മുഹമ്മദ് അസറുദ്ധീന്‍, വിഷ്ണു വിനോദ് എന്നിവര്‍ക്ക് വേണ്ടി ആരും തലപര്യം കാണിച്ചില്ല. മലയാളിയായ കര്‍ണാടക താരം ദേവദത്ത് പടിക്കലിനെ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മറ്റൊരു മലയാളി താരം ബേസില്‍ തമ്പിയെ മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.

അതേസമയം, ഏവരെയും ഞെട്ടിച്ചത് ‘മിസ്റ്റര്‍ ഐ.പി.ല്‍’ എന്ന് വിളിപ്പേരുള്ള സുരേഷ് റെയ്‌നയെ ആരും വാങ്ങാന്‍ താല്‍പര്യം കാണിച്ചില്ലെന്നതാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് റെയ്‌നയ്ക്ക് വിനയായത്. ബംഗ്ലദേശ് ഓണ്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍, മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ എന്നിവരെയും ആരും വാങ്ങിയിട്ടില്ല.

അതിനിടെ, ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മീഡ്സ് കുഴഞ്ഞു വീണ സംഭവം ഏവരെയും ആശങ്കപ്പെടുത്തി. ഉടനെ തന്നെ ലേലം നിര്‍ത്തിവെക്കുകയും അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. ഹ്യൂ എഡ്മീഡ്‌സിൻറെ ആരോഗ്യനില തൃപ്തികരമായതോടെ ലേലം പുനരാരംഭിച്ചു. ഹ്യൂ എഡ്മീഡ്‌സിനു പകരം ചാരു ശര്‍മ്മയാണ് പിന്നീട് ലേലം നടത്തിയത്. 2018 മുതല്‍ താരലേലം നിയന്ത്രിക്കുന്നത് ഹ്യൂ എഡ്മീഡ്സാണ്. ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്ലാണ് ലേലം നടക്കുന്നത്. രണ്ടാം ദിനം നാളെ 12 മണിക്ക് ആരംഭിക്കും