ഇന്ത്യയിലേക്കുള്ള ക്ഷണം മഹത്തായ സമ്മാനമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി നരേന്ദ്ര മോദി

Headlines India Italy

ന്യൂഡല്‍ഹി: തനിക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് ഇന്ത്യ സന്ദര്‍ശിക്കാനായുള്ള ക്ഷണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. ഒക്ടോബറില്‍ നടന്ന ജി-20 സമ്മേളനത്തിനായി ഇറ്റലിയില്‍ എത്തിയപ്പോഴായിരുന്നു മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ഈവസരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി മാര്‍പാപ്പയെ മോദി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ വൈവിധ്യങ്ങളോടും,നമ്മുടെ ജനാധിപത്യ വ്യവസ്ഥയോടുമുള്ള മാര്‍പാപ്പയുടെ വാത്സല്യമാണ് അദ്ദേഹത്തിൻറെ വാക്കുകളില്‍ നിന്നും വ്യക്തമായതെന്ന് മോദി പറഞ്ഞു. മാനവികതയ്ക്ക് പ്രാധാന്യം നല്‍കുന്ന രാജ്യം എന്ന നിലയിലാണ് ആഗോളതലത്തില്‍ ഇന്ത്യ അറിയപ്പെടുന്നത്, നാതാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ ആശയത്തെ ലോകം മുഴുവന്‍ അംഗീകരിക്കുകയും ചെയ്തതായി മോദി പറഞ്ഞു.