കൂടുതല്‍ രാജ്യങ്ങള്‍ ഒമിക്രോണ്‍ വലയത്തിലകപ്പെട്ടതോടെ ലോകമെമ്പാടും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര യാത്രാ സംവിധാനത്തെയാകെ അവതാളത്തിലാക്കുമോ പുതിയ ഒമിക്രോണ്‍ വ്യാപനമെന്ന ആശങ്കയാണ് ഉയരുന്നത്.
ഒമിക്രോണ്‍ വേരിയന്റ് സ്ഥിരീകരിച്ചതോടെ നിരവധി രാജ്യങ്ങളാണ് യാത്രാ നിയന്ത്രണുള്പ്പടെയുള്ള കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളത്. ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ 5.4 മടങ്ങ് വ്യാപനശേഷി കൂടുതലാണെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു.
ഫ്രാന്‍സിന് പിന്നാലെ ജര്‍മ്മനി, അയര്‍ലണ്ട്, സ്വിറ്റ്സര്‍ലണ്ട്, ഡെന്മാര്ക്ക് എന്നിവയെല്ലാം കൂടുതല്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. അയര്‍ലണ്ടും ഇന്ത്യയുമെല്ലാം കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡ് തിങ്കളാഴ്ച മുതല്‍ ജനുവരി 24 വരെ, റെസ്റ്റോറന്റുകള്‍ പോലുള്ള ഇന്‍ഡോര്‍ വേദികളില്‍ പ്രവേശിക്കുന്നതിന് ഡിസിസികള്‍ നിര്‍ബന്ധിതമാക്കി. ഡിസ്കോകളിലും ബാറുകളും മറ്റും പ്രവേശനത്തിന് നെഗറ്റീവ് പരിശോധനാ ഫലവും ബാധകമാക്കിയിട്ടുണ്ട്.
ദിവസേനയുള്ള കേസുകളുടെ വര്‍ധനവിനെ തുടര്‍ന്ന് തിയേറ്ററുകള്‍, സിനിമാശാലകള്‍, പാര്‍ക്കുകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍ എന്നിവ അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡാനിഷ് സര്‍ക്കാര്‍. ക്രിസ്മസിന് ഏഴ് ദിവസം മുമ്പ് കടകളിലും മറ്റും തിരക്ക് പരിമിതപ്പെടുത്താനും ഡാനിഷ് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.
അയര്‍ലണ്ടും വിദേശ യാത്രികര്‍ക്ക് ആന്റിജന്‍ പരിശോധനയും മറ്റും കര്‍ക്കശമാക്കിയിട്ടുണ്ട്. കൂടാതെ ഹോസ്പിറ്റാലിറ്റി മേഖലയുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചിട്ടുമുണ്ട്.
യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ടാഴ്ചത്തേക്ക് ക്വാറന്റൈന് പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മ്മനി. പുതിയ വേരിയന്റിൻറെ ദ്രുതഗതിയിലുള്ള വികാസം കണക്കിലെടുത്ത് ഇന്ത്യയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുകെയിലും യൂറോപ്പിലെ മറ്റിടങ്ങളിലും അണുബാധകളുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും ആശുപത്രി പ്രവേശനത്തിലോ മരണങ്ങളിലോ കാര്യമായ ഭീഷണി ഉയര്‍ന്നിട്ടില്ലെന്നത് ആശ്വാസം നല്‍കുന്നതാണ്.
എന്നിരുന്നാലും, യുകെയുടെ ഒമിക്രോണ്‍ അണുബാധ 2021ൻറെ തുടക്കത്തില്‍ രജിസ്റ്റര്‍ ചെയ്ത പീക്ക് ലെവലിലേയ്ക്ക് അടുക്കുകയാണ്.