വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കി മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം

Business Covid Headlines Tourism

ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കി. പകരം 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ നിര്‍ദേശം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചതോടെയാണ് ക്വാറന്റൈന്‍ നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്.

സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഫെബ്രുവരി 14 മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

റിസ്‌ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഇതോടൊപ്പം ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് കേസുകളും വ്യാപനശേഷിയും കുറഞ്ഞതോടെയാണ് കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. വിദേശയാത്രക്കാര്‍ ഏഴ് ദിവസം വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണമെന്നുള്ള മാര്‍ഗനിര്‍ദേശം കഴിഞ്ഞ മാസമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം.

വിദേശത്തുനിന്ന് ഒരാഴ്ചയില്‍ത്താഴെ ഹ്രസ്വ സന്ദര്‍ശനത്തിന് നാട്ടിലെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് കേരള ആരോഗ്യവകുപ്പും നേരത്തെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. അതിനിടെ കോവിഡ് പോസിറ്റീവ് ആയാല്‍ ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം, 67,084 പുതിയ കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 4.44 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിലും കോവിഡ് കേസുകള്‍ കുറയുന്നു. 18,420 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (3012) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 22.30 ശതമാനമാണ് സംസ്ഥാനത്തെ ടിപിആര്‍.