തിരുവനന്തപുരം : 26-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ.എഫ്.എഫ്.കെ) മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. നിശാഗന്ധി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് മുഖ്യാതിഥിയായി. ഉദ്ഘാടനച്ചടങ്ങില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവനയും എത്തിയിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് വേദിയും സദസ്സും ഭാവനയെ സ്വീകരിച്ചത്.
തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന്‍ ചടങ്ങില്‍വച്ച് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്കി മുഖ്യമന്ത്രി ആദരിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിച്ചു. ‘ഇന്ത്യന്‍ സിനിമയുടെ ഏറ്റവും മികച്ചത് ദൈവത്തിൻറെ സ്വന്തം നാട്ടില്‍ നിന്നാണ്’ എന്ന് അനുരാഗ് കശ്യപ് പറഞ്ഞു.
‘പോരാട്ടത്തിൻറെ പെണ് പ്രതീകം’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് സംവിധായകന് രഞ്ജിത്ത് ഭാവനെയെ വേദിയിലേക്കു സ്വാഗതം ചെയ്തത്. നിറഞ്ഞ ഹര്‍ഷാരവങ്ങളോടെയാണ് സിനിമാ പ്രേമികള്‍ ഭാവനയെ വേദിയിലേക്ക് സ്വീകരിച്ചത്. ലൈംഗിക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാനത്ത് പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും തിരിച്ചു വരികയാണ് പ്രിയ നടി
ബംഗ്ലാദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ അധ്യാപികയുടെ ജീവിത പോരാട്ടത്തിൻറെ കഥ പറയുന്ന ‘രഹന മറിയം നൂര്‍’ ആയിരുന്നു ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു.
മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും കലൈഡോസ്കോപ്പ് വിഭാഗത്തില്‍ ഏഴു സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമ വിഭാഗത്തില്‍ 86 സിനിമകളാണുള്ളത്.