ട്രാന്‍സിറ്റ് ഷെങ്കന്‍ വിസയില്ലാതെ ഇന്ത്യന്‍ വിമാന യാത്രികര്‍ക്ക് ഇയു എയര്‍ലൈനുകളില്‍ ബ്രിട്ടനിലേയ്ക്ക് പോകാനാവില്ല

Breaking News Business India Tourism UK

ബ്രക്സിറ്റനന്തര ഇയു നിയമങ്ങള്‍ ഇന്ത്യന്‍ വിമാന യാത്രികര്‍ക്കും പൊല്ലാപ്പാകുന്നു. ട്രാന്‍സിറ്റ് ഷെങ്കന്‍ വിസയില്ലാത്ത ഇന്ത്യന്‍ യാത്രികര്‍ക്ക് ഇയു എയര്‍ലൈനുകളില്‍ ബ്രിട്ടനിലേയ്ക്ക് പോകുന്നതിന് വിലക്കു വന്നതാണ് പുതിയ പ്രശ്നം. ട്രാന്‍സിറ്റ് ഷെങ്കന്‍ വിസയില്ലാതെ എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, കെഎല്‍എം തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ വിമാനങ്ങളില്‍ ബ്രിട്ടനിലേക്ക് പറക്കാന്‍ കഴിയില്ല. മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട്, ആംസ്റ്റര്‍ഡാം, റോം, പാരീസ് എന്നിവിടങ്ങളില്‍ നിന്നും യുകെയിലേയ്ക്ക് പോകാനും, ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് ഷെങ്കന്‍ വിസ വേണം.

ബ്രക്സിറ്റനന്തര നടപടികളുടെ ഭാഗമായാണ് ഇയു അധികൃതര്‍ ഇത്തരം നിയമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. യുകെയ്ക്കെതിരെന്ന് തോന്നുന്ന യൂറോപ്യന്‍ യൂണിയൻറെ ഇത്തരം പോസ്റ്റ് ബ്രക്സിറ്റ് നിയമങ്ങള്‍ ഫലത്തില്‍ ട്രാന്‍സിറ്റ് ഷെങ്കന്‍ വിസയില്ലാത്ത ഇന്ത്യന്‍ യാത്രികര്‍ക്കാണ് വിനയായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് യുകെയില്‍ എത്താന്‍ ട്രാന്‍സിറ്റ് ഷെങ്കന്‍ വിസ കൈവശം വയ്ക്കണമെന്ന ആവശ്യകത നിലവില്‍ വന്നതെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറയുന്നു. ചില ഇയു എയര്‍ലൈനുകള്‍ ഈ പ്രശ്നം യൂറോപ്യന്‍ യൂണിയന് മുന്നില്‍ അവതരിപ്പിക്കണമെന്ന് വിവിധ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഇനിയും ഈ വിഷയം ചര്‍ച്ച ചെയ്യുന്നതായി സൂചനകളൊന്നുമില്ല.

ഈ സാഹചര്യം മൂലം യാത്രകള്‍ മുടങ്ങുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് റീഫണ്ട് ലഭിക്കുന്നതും പ്രശ്നമായിട്ടുണ്ട്. എടുക്കുന്ന ടിക്കറ്റിനെ ആശ്രയിച്ചായിരിക്കും റീ ഫണ്ട് സാധിക്കുകയെന്ന് ഇയു എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. യാത്രയ്ക്കാവശ്യമായ രേഖകളെക്കുറിച്ച് വിമാന യാത്രക്കാര്‍ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

രാജ്യങ്ങളിലൂടെ അതിര്‍ത്തി വ്യത്യാസമില്ലാതെ സഞ്ചരിക്കാന്‍ ഉടമസ്ഥരെ അനുവദിക്കുന്നതാണ്
ട്രാന്‍സിറ്റ് വിസ. അവര്‍ക്ക് യാത്രയില്‍ തടസ്സങ്ങളൊന്നുമില്ലാതെ ലക്ഷ്യ സ്ഥാനത്തെത്താനാകും. ടൂറിസ്റ്റുകള്‍ക്ക് 180 ദിവസം വരെ താമസിക്കാനും സഞ്ചരിക്കാനും റഗുലര്‍ ഷെങ്കന്‍ വിസ അനുവദിക്കുന്നുണ്ട്.

ഇന്ത്യയ്ക്കും സ്വിറ്റ്സര്‍ലന്‍ഡിനുമിടയില്‍ യാത്രാ സുഗമമാക്കുന്നതിന് വിവിധ നടപടികളും ഇരു രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അഡ്വാന്‍സ് ട്രാന്‍സിറ്റ് വിസയില്ലാതെ ഗള്‍ഫ്, സ്വിസ് പ്രദേശങ്ങളിലൂടെ നിലവില്‍ കടന്നുപോകാനാകും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വ്വീസ് നടത്താന്‍ എയര്‍ലൈനുകളെ അനുവദിക്കുന്ന എയര്‍ ബബിള്‍ കരാറില്‍ ഇന്ത്യയും സ്വിസ് സര്‍ക്കാരും ഒപ്പുവെച്ചിട്ടുമുണ്ട്.

ബ്രിട്ടണും അയര്‍ലണ്ടും കോമണ്‍ ട്രാവല്‍ ഏരിയയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഈ രാജങ്ങള്‍ക്കിടയില്‍ നിലവിലുള്ള നിയമധാരണ അനുസരിച്ച് മുമ്പുണ്ടായിരുന്നതു പോലെ തന്നെ യാത്ര തുടരാനാവും.