യുദ്ധ ഭീഷണി: ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി

Breaking News Europe India

 

ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് തല്‍ക്കാലം രാജ്യത്തേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ നയതന്ത്രകാര്യാലയം. നിലവിലെ സാഹചര്യത്തിൻറെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത്, ഇന്ത്യന്‍ എംബസി ഇന്ത്യക്കാരോട്, പ്രത്യേകിച്ച് അവിടെ താമസിക്കേണ്ടത് അനിവാര്യമല്ലാത്ത വിദ്യാര്‍ത്ഥികളോട്, താത്കാലികമായി ഉക്രെയ്ന്‍ വിടാന്‍ നിര്‍ദ്ദേശിച്ചു. ഉക്രെയ്‌നില്‍ തുടരുന്നവര്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും അറിയിച്ചു.

ഉക്രെയ്നില്‍ റഷ്യ അധിനിവേശത്തിന് തയ്യാറെടുക്കുന്നുവെന്ന അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പൗരന്‍മാരോട് ഉക്രെയ്ന്‍ വിടാന്‍ ആഹ്വാനം ചെയ്യുകയുമാണ്.

യുഎസ്, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, എസ്റ്റോണിയ, ലിത്വാനിയ, ബള്‍ഗേറിയ, സ്ലോവേനിയ, ഓസ്ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍ സൗദി അറേബ്യ,യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം യുദ്ധ ഭീഷണി കണക്കിലെടുത്ത് ഉക്രെയ്ന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്ക ഉക്രെയ്‌നിലെ തങ്ങളുടെ എംബസി പ്രവര്‍ത്തനങ്ങള്‍ തലസ്ഥാനമായ കൈവില്‍ നിന്ന് പടിഞ്ഞാറന്‍ നഗരമായ ലിവിവിലേക്ക് മാറ്റുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ തിങ്കളാഴ്ച പറഞ്ഞു.

റഷ്യയുടെ സൈന്യം ഉക്രെയ്ന്‍ ആക്രമിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും പ്രശ്നത്തിന് നയതന്ത്രപരമായ പരിഹാരത്തിന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.