യുഎസ്-കാനഡ അതിര്‍ത്തിയില്‍ മഞ്ഞില്‍ അകപ്പെട്ട് പിഞ്ചുകുഞ്ഞടക്കം നാല് ഇന്ത്യക്കാര്‍ മരിച്ചു

Breaking News India USA

യുഎസ്-കാനഡ അതിര്‍ത്തിയില്‍ മഞ്ഞില്‍ അകപ്പെട്ട് പിഞ്ച് കുഞ്ഞടക്കം നാല് ഇന്ത്യക്കാര്‍ മരിച്ചു. ബുധനാഴ്ചയാണ് കാനഡ അതിര്‍ത്തിക്കുള്ളില്‍ മഞ്ഞില്‍ മൂടിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 12 മീറ്റര്‍ അകലെയായിരുന്നു മൃതദേഹങ്ങള്‍.

രണ്ട് മുതിര്‍ന്നവരും ഒരു കൗമാരക്കാരനും പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. സംഘത്തിലെ മറ്റ് ഏഴ് പേരെ അവശനിലയില്‍ കനേഡിയന്‍ പൊലീസ് രക്ഷിച്ചു. ഇവരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ വിവരങ്ങള്‍ അറിയാനുള്ള അന്വേഷണം ആരംഭിച്ചതായും മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് പറഞ്ഞു.

ഞെട്ടിക്കുന്ന വാര്‍ത്തയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ പ്രതികരിച്ചു. അടിയന്തിര ഇടപെടല്‍ നടത്താന്‍ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.