പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാലാം ജയം. ഹൈദരാബാദ് എഫ്.സിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തിൻറെ വിജയം. സ്പാനിഷ് താരം ആല്‍വാരോ വാസ്‌കസ് ആണ് കേരളത്തിനായി ഗോള്‍ നേടിയത്. ജയത്തോടെ ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയരാന്‍ ബ്ലാസ്റ്റേഴ്‌സിനായി.
ആദ്യപകുതിയില്‍ കളിയുടെ 42ാം മിനിറ്റിലായിരുന്നു വാസ്‌കസ് കേരളത്തിനായി ഗോള്‍ നേടിയത്. ത്രോ ഇന്നിലൂടെ ലഭിച്ച പന്ത് ഒരു സൂപ്പര്‍ വോളി ഷോട്ടിലൂടെ വാസ്‌കസ് ഹൈദരബാദിൻറെ വലയിലേക്കെത്തിച്ചു. വിജയ ഗോള്‍ നേടിയ വാസ്‌കസ് തന്നെയാണ് ഹീറോ ഓഫ് ദി മാച്ച്. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള കേരളത്തിനും രണ്ടാം സ്ഥാനത്തുള്ള മുംബൈക്കും 17 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തിൻറെ അടിസ്ഥാനത്തിലാണ് കേരളം മുന്നിലെത്തിയത്.
ഇതുവരെ പത്ത് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. സീസണിലെ ആദ്യമത്സരത്തില്‍ എ.ടി.കെ മോഹന്‍ബഗാനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിൻറെ ഏക പരാജയം. തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയവും, അഞ്ച് മത്സരങ്ങളില്‍ സമനിലയുമാണ് കേരളം നേടിയത്. ബുധനാഴ്ച ഒഡിഷ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിൻറെ അടുത്ത മത്സരം.