വലേറ്റ : മാള്‍ട്ടയിലെ ജയിലില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. മാറ്റര്‍ ഡി ഹോസ്പിറ്റലില്‍ കെയർടേക്കർറായി ജോലി ചെയ്തിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി അരുണ്‍ ജോസിനെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രോഗിയായ ഒരു സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അരുണ്‍ റിമാന്‍ഡിലായിരുന്നു. അരുണ്‍ കുറ്റം നിഷേധിച്ചിരുന്നെങ്കിലും കോടതി റിമാന്‍ഡിലേയ്ക്ക് അയയ്ക്കുകയായിരുന്നു
ഇന്ന് രാവിലെ 6:30 ഓടെയാണ് സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അരുണിനെ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. ഒരു കുറിപ്പ് എഴുതി വെച്ച ശേഷമാണ് അരുണ്‍ ആത്മഹത്യ ചെയ്തിട്ടുള്ളതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
ദുരൂഹമായ സാഹചര്യത്തിലാണ് അരുണ്‍ മരണപെട്ടത് എന്നത് വ്യക്തമാണ്. മാള്‍ട്ടയിലെ ജയിലില്‍ പ്രവേശിക്കപ്പെടുന്ന വിദേശ വംശജര്‍ക്ക് നേരെ നിരന്തരം അക്രമങ്ങള്‍ ഉണ്ടാകുന്നതായി വാര്‍ത്തകളുണ്ട്.
ദൗര്‍ഭാഗ്യകരമായ സംഭവത്തിൻറെ പശ്ചാത്തലം വ്യക്തമല്ലെങ്കിലും ഇപ്പൊള്‍ രാജ്യത്തെ തടവറകളില്‍ ഉണ്ടാകുന്ന മരണനിരക്ക് ഒരു ജനാധിപത്യ സമൂഹത്തിലും അംഗീകരിക്കാനാവില്ലെന്ന് റൂള്‍ ഓഫ് ലോ സംഘടന റിപബ്ലിക പറഞ്ഞു.