ലോക ചെസ് ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്. പ്രജ്ഞാനന്ദ. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിൻറെ എട്ടാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദയുടെ ജയം. കറുത്ത കരുക്കളുമായി കളിച്ച 16 വയസ്സുകാരന് 39 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സണെ കീഴടക്കിയത്.
ടൂര്‍ണമെന്റിലെ പ്രജ്ഞാനന്ദയുടെ രണ്ടാം വിജയം കൂടിയാണിത്. ലെവ് ആരോനിയനെതിരെയാണ് ആദ്യ വിജയം. രണ്ട് മത്സരങ്ങള്‍ സമനിലയാവുകയും മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തിരുന്നു.
മൊത്തം 16 താരങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കാള്‍സണോട് തോല്‍വി വഴങ്ങിയ നെപ്പോമ്നിയാച്ചിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ ഒരു താരത്തിന് ലഭിക്കുക.