ഒന്നാം നമ്പര്‍ ടീമിനെ വീഴ്ത്താന്‍ അട്ടിമറിയ്ക്കൊരുങ്ങി അയര്‍ലണ്ട്

Entertainment Headlines India Ireland Sports

ഡബ്ലിന്‍ : വീറും വാശിയുമേറുന്ന അയര്‍ലണ്ട് – ഇന്ത്യ ട്വന്റി 20 പോരാട്ടം നാളെ ഡബ്ലിനില്‍. ലോകത്തിലെ ഒന്നാം നമ്പര്‍ ടീമുകളിലൊന്നായ ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളിലൂടെ മികവുണ്ടാക്കാനാണ് 14ാം റാങ്കുകാരായ അയര്‍ലണ്ടിൻറെ ലക്ഷ്യം.

ഞായറാഴ്ചയും ചൊവ്വാഴ്ചയുമായി മാലഹൈഡിലാണ് മത്സരങ്ങള്‍. നാളത്തെ ഗെയിമിൻറെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുതീര്‍ന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നിലച്ചുപോയ ക്രിക്കറ്റ് മൈതാനങ്ങളെ ജനക്കൂട്ടം വീണ്ടെടുക്കുന്ന കാഴ്ച കൂടിയാകുമിത്. 2019ന് ശേഷം ആദ്യമായാണ് അയര്‍ലണ്ട് പുരുഷ രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റിന്‍സിയില്‍ പരിക്കില്‍ നിന്ന് സൂര്യകുമാര്‍ യാദവും മടങ്ങിയെത്തിയ സഞ്ജു സാംസണ്‍ ജോഡി ഒരുമിക്കുന്നുവെന്ന പ്രത്യേകതയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മല്‍സരത്തിനുള്ളത്. മാലഹൈഡ് മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകും.

ഇരുടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന് 2018ല്‍ മലാഹൈഡ് ആതിഥേയത്വം വഹിച്ചിരുന്നു. രണ്ട് ഗെയിമുകളുള്‍പ്പെട്ട ടി20 പരമ്പരയില്‍ ഇന്ത്യ അനായാസം ജയിച്ചു.

അട്ടിമറി വിജയമാണ് ഇക്കുറി ലക്ഷ്യമിടുന്നതെന്ന് ടീം അയര്‍ലണ്ടിൻറെ ക്യാപ്ടന്‍ ആന്‍ഡ്രൂ ബല്‍ബിര്‍ണി പറഞ്ഞു. പ്രേക്ഷകര്‍ക്കും അയര്‍ലണ്ടിലെ ക്രിക്കറ്റ് ആരാധകര്‍ക്കും ഈ മല്‍സരം വലിയ അനുഭവമായിരിക്കുമെന്ന് ബല്‍ബിര്‍ണി പറഞ്ഞു. ഐറിഷ് ക്രിക്കറ്റിന് മികച്ച പരസ്യവുമാകും ഈ മല്‍സരങ്ങളെന്നും നായകന്‍ പറയുന്നു.

ഈ മല്‍സരത്തിന് ശേഷം ന്യൂസിലന്‍ഡിനെതിരായ ആറ് മത്സരങ്ങളുമായി അയര്‍ലണ്ടും അവരുടെ സമ്മര്‍ ഷെഡ്യൂളിലേയ്ക്കെത്തും. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പാണ് ഈ വര്‍ഷത്തെ അയര്‍ലണ്ടിൻറെ പ്രധാന ശ്രദ്ധ. ഇന്ത്യയുമായുള്ള പരമ്പരയോടെ ഓസ്‌ട്രേലിയയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനാണ് അയര്‍ലണ്ട് ഉന്നം വെയ്ക്കുന്നത്.