ജി7 ഉച്ചകോടിയില്‍ ഇന്ത്യയെ ക്ഷണിച്ച് ജര്‍മ്മനി

Business Germany Headlines India

ബെർലിൻ : G7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ ക്ഷണിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കുന്നതിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഇന്തോനേഷ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെയും അടുത്ത മാസം നടക്കുന്ന ഉച്ചകോടിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ചര്‍ച്ചകളില്‍ നിന്ന് റഷ്യയെ ഒഴിവാക്കാനും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ ആഗോള സഖ്യം രൂപീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ജര്‍മ്മനിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വരാനിരിക്കുന്ന ഉച്ചകോടി ജര്‍മ്മന്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുമെന്ന് ചാന്‍സലര്‍ ഷോള്‍സ് പറഞ്ഞു. എന്നിരുന്നാലും ഇക്കാര്യത്തില്‍ ഇന്ത്യയും മോദിയും ഇനിയും മനസ്സു തുറന്നിട്ടില്ല. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ മോദി ഇതുവരെ അപലപിച്ചിട്ടില്ല. മാത്രമല്ല, ഇന്ത്യ അടുത്തിടെ റഷ്യയുമായി ഊര്‍ജ, സൈനിക വിതരണത്തിലും സഹകരിച്ചിരുന്നു.

അതേസമയം, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയെ ഷോള്‍സ് ക്ഷണിച്ചത് വിവാദമായേക്കുമെന്ന് സൂചനയുണ്ട്. ഈ വര്‍ഷാവസാനം ജി20ൻറെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ഇന്തോനേഷ്യ. അതില്‍ പുടിനെയും ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെയും പങ്കെടുപ്പിക്കാന്‍ വിഡോഡോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് വിവിധ രാജ്യങ്ങള്‍ക്കിടയില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ജി 20ലുള്‍പ്പെട്ട ഒരു രാജ്യം മറ്റൊരു രാജ്യത്തെ നശിപ്പിക്കുന്നതിനെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.