റോം : ഭീകരവാദത്തിനും, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ഉഭയകക്ഷി-ബഹുരാഷ്ട്ര സഹകരണത്തിന് തയ്യാറെടുത്ത് ഇന്ത്യയും ഇറ്റലിയും. ഭീകരവാദത്തിനും, സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള ഇന്ത്യ-ഇറ്റലി വര്‍ക്കിങ് ഗ്രൂപ്പിൻറെ മൂന്നാമത് യോഗത്തില്‍ വച്ചായിരുന്നു ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. ഏപ്രില്‍ 1 ന് ഇറ്റാലിയന്‍ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഓഫീസിലായിരുന്നു യോഗം.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഭീകരവാദ-വിരുദ്ധ വിഭാഗം ജോയിന്റ് സെക്രട്ടറി മഹാവീര്‍ സിങ്‌വിയായിരുന്നു യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സെക്യൂരിറ്റി വിഭാഗം പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ലൂക്ക ഫ്രഞ്ചേട്ടിയും സംഘവും യോഗത്തില്‍ പങ്കെടുത്തു.
എല്ലാതരം ഭീകരപ്രവര്‍ത്തനങ്ങളെയും ശക്തമായ അപലപിക്കുന്ന നിലപാടുകളായിരുന്നു ഇരു പ്രതിനിധികളും യോഗത്തില്‍ സ്വീകരിച്ചത്. ഭീകരവാദം, അക്രമാസക്തമായ തീവ്രവാദം, അതിര്‍ത്തി കടന്നുള്ള തീവ്രവാദം, ഭീകരവാദത്തിനായുളള ധനസഹായം എന്നിവ തടയുന്നതില്‍ ഇരുരാജ്യങ്ങളും സ്വീകരിച്ചിട്ടുള്ള നടപടികളും പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി.
തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കൃത്യമായി പ്രോസിക്യൂട്ട് ചെയ്യേണ്ടതിൻറെ ആവശ്യകത സംബന്ധിച്ചും, ഐക്യരാഷ്ട്ര സഭ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്, ഗ്ലോബല്‍ കൗണ്ടര്‍ ടെററിസം ഫോറം എന്നീ അന്താരാഷ്ട്ര ഫോറങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ചും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ഭരണകൂടങ്ങളുടെ നിലപാടുകളെയും യോഗത്തില്‍ ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു.
ഇന്ത്യയും ഇറ്റലിയും സംയുക്തമായുള്ള ഭാവി പരിശീലന പരിപാടികള്‍ക്കും, കപ്പാസിറ്റി ബില്‍ഡിങ് പ്രോഗ്രാമുകള്‍ക്കും യോഗം വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യ-ഇറ്റലി ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പിൻറെ അടുത്ത യോഗം അടുത്ത വര്‍ഷം ന്യൂ ഡല്‍ഹിയില്‍ നടത്താനും തീരുമാനമായിട്ടുണ്ട്.