ന്യൂഡല്‍ഹി : ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) അടുത്ത വര്‍ഷം ഒപ്പുവയ്ക്കുമെന്ന് കേന്ദ്ര കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രിയല്‍ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ജൂണ്‍ മാസത്തില്‍ ഇന്ത്യ-ഇയു പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. IMC ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിൻറെ നിര്‍ണ്ണായകമായ ഈ പ്രഖ്യാപനം.
2007 മുതല്‍ 2013 വരെ സജീവമായി ചര്‍ച്ചകള്‍ നടക്കുകയും, പിന്നീട് തീരുമാനമെടുക്കാതെ സ്തംഭനാവസ്ഥയിലൂമാ യ നിര്‍ണ്ണായകമായ കരാറാണ് ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍. ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍, മദ്യ ഉത്പന്നങ്ങള്‍, പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ ഈടാക്കുന്ന വലിയ ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം അന്നത്തെ ചര്‍ച്ചയില്‍ ഇ.യു പ്രതിനിധികള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ വിദ്ഗ്ധ തൊഴിലാളികള്‍ക്ക് യൂറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യം ഇന്ത്യയും ഉന്നയിച്ചിരുന്നു. ഇത്തരം ആവശ്യങ്ങള്‍ ഇരു കൂട്ടരും പൂര്‍ണ്ണമായും അംഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്ന് സ്തംഭിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കരാറുമായി മുന്നോട്ട് പോവാനാണ് ഇരു വിഭാഗവും തീരൂമാനിച്ചിരിക്കുന്നത്.
ഇന്ത്യ-ഇയു FTA നടപ്പാവുന്നതിലൂടെ തൊഴില്‍ മേഖലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും, നിരവധി രാജ്യങ്ങളുമായുള്ള വ്യാപാര കരാറിനായി രാജ്യം ശ്രമിക്കുകയാണെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. നിലവില്‍ യു.എ.ഇ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. യു.കെ, കാനഡ, ജി.സി.സി എന്നിവരുമായി കരാറുകള്‍ക്കുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.കെ യുമായുള്ള മൂന്നാം വട്ട ചര്‍ച്ചകള്‍ ഇന്ത്യ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാലാം വട്ട ചര്‍ച്ചകള്‍ വരുന്ന മെയ് മാസത്തില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.