മുംബൈ : വിദ്യഭ്യാസമുള്‍പ്പടെയുള്ള വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കൗണ്‍സില്‍ ഓഫ് ഇയു ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഇന്‍ ഇന്ത്യ മുംബൈയില്‍ വിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിച്ചു. പ്രത്യേക മേഖലകളില്‍ ഉന്നതവിദ്യാഭ്യാസത്തിൻറെ ആഗോളവല്‍ക്കരണം ലക്ഷ്യമിട്ടാണ് ഇയു-ഇന്ത്യ ഉച്ചകോടി സംഘടിപ്പിച്ചത്.
യൂറോപ്പിലെയും ഇന്ത്യയിലെയും അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളും വ്യവസായ വകുപ്പും സര്‍ക്കാര്‍ പ്രതിനിധികളുമെല്ലാം ഒത്തുചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സംയുക്ത വിദ്യാഭ്യാസ പരിപാടികള്‍ വികസിപ്പിച്ചെടുക്കാനും ഉച്ചകോടി ഉന്നമിട്ടിരുന്നു.
കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര സമ്പ്രദായങ്ങള്‍ കണ്ടെത്തല്‍, ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി സംയുക്ത സംരംഭ പദ്ധതികളുണ്ടാകണമെന്ന് ഉച്ചകോടിയില്‍ അഭിപ്രായമുയര്‍ന്നു. അതില്‍ യൂറോപ്യന്‍ യൂണിയന്‍ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്താനും ധാരണയായി.
വിദ്യാര്‍ഥികളെയും പ്രൊഫഷണലുകളെയും ഉള്‍പ്പെടുത്തി ബഹുഭാഷാ തൊഴില്‍ സേനയെ സജ്ജമാക്കേണ്ടതിൻറെ ആവശ്യകതയും ഉച്ചകോടി ഊന്നിപ്പറഞ്ഞു.
ഉച്ചകോടിയുടെ ഭാഗമായി വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കോണ്‍സുലേറ്റ് അംഗങ്ങളുമായി വിവിധ രംഗത്തെ വിദഗ്ധരുമായി പാനല്‍ ചര്‍ച്ചകളും നടത്തി. ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തൊഴില്‍ വിഭവം കെട്ടിപ്പടുക്കേണ്ടതിൻറെ ആവശ്യകത വിദഗ്ധര്‍ എടുത്തുപറഞ്ഞു.
ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ വികസനവും വിദ്യാഭ്യാസ ഉച്ചകോടിയുടെ ചര്‍ച്ചാവിഷയമായി. വിദേശ തൊഴിലവസരങ്ങള്‍ ലക്ഷ്യം വെച്ച് ഗ്രാമീണ യുവാക്കളുടെ കഴിവുകള്‍ വര്‍ധിപ്പിക്കേണ്ടതിൻറെ ആവശ്യകതയും സാങ്കേതികവിദ്യാ വികസനവുമെല്ലാം പാനല്‍ ചര്‍ച്ച ചെയ്തു.
വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും അന്താരാഷ്ട്ര വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഇയു ചേംബേഴ്‌സ് വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാനും ഗ്രൂപ്പ് ഡയറക്ടറുമായ പ്രൊഫ. ഡോ. ഉദയ് സലുങ്കെ പറഞ്ഞു. അവര്‍ക്ക് മികച്ച അവസരങ്ങളും വിജയകരമായ കരിയറുമാണ് ആഗോള തലത്തില്‍ ഒരുങ്ങുന്നത്. ഈ വസ്തുത മനസ്സിലാക്കി സംയുക്ത പഠന പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇയു രാജ്യങ്ങളുമായി ശക്തമായ ബന്ധം വികസിപ്പിക്കാനാണ് കൗണ്‍സില്‍ ആഗ്രഹിക്കുന്നത്. ഓരോ വിദ്യാര്‍ഥിയെയും യഥാര്‍ഥ ആഗോള പൗരന്മാരാക്കുന്നതിന് സംയുക്ത പഠന പദ്ധതി തയ്യാറാക്കുകയാണ് ഇയു ലക്ഷ്യമിടുന്നതെന്നും ഡോ. ഉദയ് സലുങ്കെ വ്യക്തമാക്കി.
ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും യുവാക്കളെ ശാക്തീകരിക്കുന്നതിന് കഴിയുമെന്ന് കൗണ്‍സില്‍ ഓഫ് ഇയു ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ഇന്‍ ഇന്ത്യാ ഡയറക്ടര്‍ ഡോ. രേണു ഷോം പറഞ്ഞു. അതിനുള്ള കര്‍മ്മപദ്ധതികള്‍ പാനല്‍ വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്യണ്ടേതുണ്ടെന്നും ഇവര്‍ പറഞ്ഞു.
യു ജി സി സെക്രട്ടറിയും സിവിഒയുമായ പ്രൊഫ. ഡോ. രജനീഷ് ജെയിന്‍ ഉച്ചകോടിയില്‍ മുഖ്യാതിഥിയായിരുന്നു. രാജ്യസഭാംഗം സുരേഷ് പ്രഭു, യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ (ഇഎഐഇ) പ്രസിഡന്റ് ഡോ. മിഷേല്‍ സ്റ്റുവര്‍ട്ട് പരിപാടിയില്‍ പങ്കെടുത്തു.