ഇന്ത്യയുടെ ‘ഡിസ്‌കോ കിങ്’ ബപ്പി ലഹിരി അന്തരിച്ചു

Entertainment Headlines India Movies Obituary

ഇന്ത്യന്‍ സംഗീത പ്രേമികളെ തൻറെ ഡിസ്‌കോ ബീറ്റുകളാല്‍ ഇളക്കിമറിച്ച ബപ്പി ലാഹിരി (69) ഇനി ഓര്‍മ്മ. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഹിന്ദി സംഗീത സംവിധായകനും ഗായകനുമായ ബപ്പിയുടെ അന്ത്യം. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിൻറെ വിയോഗത്തിൻറെ വേദന തീരും മുന്‍പേയാണ് മറ്റൊരു പ്രതിഭയെ കൂടി ഇന്ത്യന്‍ സംഗീത ലോകത്തിന് നഷ്ടമായിരിക്കുന്നത്.

1970-80 കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ സംഗീതത്തില്‍ ഡിസ്‌കോയുടെ സാധ്യതകള്‍ കൊണ്ട് വന്ന് പ്രേക്ഷക മനസിലേക്ക് ഇടം നേടിയ ബപ്പി ‘ദി ഇന്ത്യന്‍ ഡിസ്‌കോ കിങ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. 2020-ല്‍ പുറത്തിറങ്ങിയ ‘ബാഗി 3’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിൻറെ അവസാന ബോളിവുഡ് ഗാനം. ഹിന്ദിക്ക് പുറമെ ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളിലും പാട്ടുകളൊരുക്കിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നാല് തവണ ലഭിച്ചു.

കൂടുതലും ഫാസ്റ്റ് നമ്പറുകളാണ് ബപ്പി സംഗീതലോകത്തിനു സമ്മാനിച്ചത്. ‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’ എന്ന ഒറ്റ ഗാനം മതി ബപ്പിക്ക് സംഗീത പ്രേമികളുടെ മനസ്സില്‍ എന്നും ജീവിക്കാന്‍. 1972ല്‍ പുറത്തിറങ്ങിയ ‘ദാദു’ എന്ന ബംഗാളി ചിത്രത്തിലാണ് അദ്ദേഹത്തിന് സംഗീത ലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് 1973ല്‍ ‘നന്‍ഹ ശിക്കാരി’ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ചുവടുറപ്പിച്ചു. ‘ചല്‍ത്തേ ചല്‍ത്തേ’, ‘സുരക്ഷ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ അത്രെയേറെ ജനപ്രിയമായിരുന്നു.