അബുദാബി: ഇന്ത്യക്കാര്‍ക്ക് ദീപാവലി മധുരമായി ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം. അഫ്ഗാനിസ്ഥാനെ 66 റണ്‍സുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 211 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്കായില്ല. നിശ്ചിത 20 ഓവറില്‍ 144 റണ്‍സ് എന്ന നിലയില്‍ അഫ്ഗാന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ജയത്തോടെ സെമിയിലേക്കുള്ള നേരിയ പ്രതീക്ഷ അണയാതെ കാക്കാനും ഇന്ത്യക്കായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവു പുലര്‍ത്തിയായിരുന്നു ഇന്ത്യയുടെ പ്രകടനം.
കഴിഞ്ഞ മത്സരത്തില്‍ നിന്നും വ്യത്യസ്തമായി ഉണര്‍ന്നു കളിച്ച ഓപ്പണിങ് നിരയാണ് ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. റോഹിത് ശര്‍മയും കെ.എല്‍ രാഹുലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 140 റണ്‍സുകളാണ് നേടിയത്.
ഇന്നലത്തെ വന്‍ വിജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യക്കായി. ഇനി നമീബിയക്കും, സ്കോട്ട്ലൻഡിനു മെതിരായ മത്സരങ്ങളില്‍ വമ്പന്‍ ജയങ്ങള്‍ നേടുകയും, ന്യൂസിലാൻഡിനെ അഫ്ഗാനിസ്ഥാന്‍ അല്ലെങ്കില്‍ നമീബിയ പരാജയപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് സെമിയിലേക്ക് എത്തിച്ചേരാനാവുകയുള്ളു .