ഡേവിസ് കപ്പ് : ഡെന്മാര്‍ക്കിനെതിരെ 4-0 ന് ഇന്ത്യക്ക് ജയം

Europe Headlines India

കോപ്പന്‍ഹേഗന്‍ : ഡേവിസ് കപ്പില്‍ ഡെന്മാര്‍ക്കിൻറെ ഫ്രഡറിക് നീല്‍സണ്‍ – മൈക്കള്‍ ടോര്‍പെഗാര്‍ഡ് സഖ്യത്തിനെതിരെ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യത്തിന് മിന്നും വിജയം. 6-7 (3 -7), 6-4, 7, 6 (7 ,4 ) സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചത്. ശനിയാഴ്ച ഡല്‍ഹി ജിംഖാന ക്ലബ്ബില്‍ വച്ചായിരുന്നു വേള്‍ഡ് ഗ്രൂപ്പ് 1 പ്ലേ ഓഫിൻറെ മത്സരം.

റാങ്കിങ്ങില്‍ താഴെയുള്ള ജൊഹനാസ് ഇങ്കിള്‍ഡ്‌സണിനെതിരെ ആദ്യ സെറ്റ് വഴങ്ങി 5 -7, 7-5, 10-7 എന്ന സ്‌കോറിന് അര്‍ഹമായ വിജയം നേടി ഇന്ത്യയുടെ എയ്സ് ടെന്നീസ് താരം രാംകുമാര്‍ രാമനാഥന്‍ ശക്തമായി തിരിച്ചുവന്നു. മാര്‍ച്ച് 4ന് രാംകുമാര്‍ രാമനാഥനും യുകി ഭാംബ്രിയും യഥാക്രമം ക്രിസ്ത്യന്‍ സിഗ്സ്ഗാര്‍ഡിനെയും മൈക്കള്‍ ടോര്‍പെഗാര്‍ഡിനെയും തോല്‍പ്പിച്ച് ആതിഥേയര്‍ക്ക് സമഗ്രമായ 2-0 ത്തിൻറെ ലീഡ് നല്‍കിയിരുന്നു.

2022 സീസണില്‍ 4-0 ൻറെ വിജയത്തോടെ ഇന്ത്യ ലോക ഗ്രൂപ്പ് 1ല്‍ സ്ഥാനം ഉറപ്പിച്ചു. അതേസമയം, ഡെന്മാര്‍ക്ക് ലോകഗ്രൂപ്പ് 2 -ലേക്ക് മടങ്ങും. ഡബിള്‍സില്‍ ലോക മുപ്പത്തിരണ്ടാം നമ്പര്‍ താരം ബൊപ്പണ്ണയുടെ മികച്ച പ്രകടനമായിരുന്നു അരങ്ങേറിയത്. തൻറെ ഡ്രോപ്പ് ഷോട്ടുകള്‍ ഉപയോഗിച്ച് നിര്‍ണായക പോയിന്റുകള്‍ അദ്ദേഹം പിടിച്ചെടുത്തു. റാങ്കിങ്ങില്‍ നൂറ്റിനാല്പത്തിരണ്ടുകാരനായ ദിവിജ് തുടക്കത്തില്‍ അല്പം നിരാശപ്പെടുത്തിയെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 35 കാരനായ ദിവിജ് മൂന്നാം സെറ്റില്‍ ആക്രമണത്തില്‍ മികച്ചു നിന്നു.

ബെയ്സ്ലൈനില്‍ നിന്നുള്ള ചില ശക്തമായ ബാക്ക്ഹാന്‍ഡ് സ്‌ട്രോക്കുകള്‍ ഡെന്മാര്‍ക്കും പുറത്തെടുത്തിരുന്നു. ബൊപ്പണ്ണയുടെ ആക്രമണാത്മക കളിയെ നേരിടാന്‍ ലോക തൊണ്ണൂറ്റി എട്ടാം നമ്പര്‍ താരം നീല്‍സണ്‍ പരമാവധി ശ്രമിച്ചു. ബൊപ്പണ്ണയും നീല്‍സണും നെറ്റിലെ പഴയ എതിരാളികളാണ്. ടൈ ബ്രേക്കറില്‍ 7-6 (7 -3 ) -നാണ് ഇന്ത്യയ്ക്ക് ഒന്നാം സെറ്റ് നഷ്ടമായത്. എന്നാല്‍ രണ്ടാം സെറ്റില്‍ 5 -2 ൻറെ കൃത്യമായ ലീഡ് നേടാന്‍ ദിവിജിന് സാധിച്ചു. പിന്നീട് ഡെന്മാര്‍ക്ക് സഖ്യത്തിന് അധികം അവസരം നല്‍കാതിരുന്ന സഖ്യം 6-4 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ 2-2 ആയപ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കം ലഭിച്ചുവെങ്കിലും ദിവിജിൻറെ ബാക്ക്ഹാന്‍ഡ് ക്രോസ്സ് ഷോട്ട് പുറത്തേക്ക് പോയി.

അടുത്ത ഗെയിമില്‍ വോളി, ഡ്രോപ്പ് ഷോട്ടുകളിലൂടെ ബൊപ്പണ്ണ സ്‌കോര്‍ 3-3 ല്‍ എത്തിച്ചു. സ്‌കോര്‍ 5-4 ആയതോടെ ഇരുസഖ്യങ്ങളും വാശിയേറിയ പോരാട്ടത്തിലായി. അടുത്ത ഗെയിമില്‍ നീല്‍സണ്‍ 6-5 ന് എത്തിച്ചെങ്കിലും 12-ാമത് ഗെയിമില്‍ ബൊപ്പണ്ണ ദിവിജ് സഖ്യം മൂന്ന് മാച്ച് പോയിന്റുകള്‍ സംരക്ഷിക്കുകയും മൂന്നാം സെറ്റും ടൈ ബ്രേക്കറിലേക്ക് നീങ്ങുകയും ചെയ്തു. ഡെന്മാര്‍ക്കിൻറെ സീനിയര്‍ താരങ്ങളിലൊരാളായ നീല്‍സണ്‍ 1-2 എന്ന നിലയില്‍ ഇരട്ടപ്പിഴവ് വരുത്തിയതും വലയിലേക്ക് ബാക്ക്ഹാന്‍ഡ് ചെയ്തതും ഇന്ത്യക്ക് 4 -1 ൻറെ അനുകൂലമായ ലീഡ് നല്‍കി.