ന്യൂഡൽഹി : ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ഗോതമ്പു കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്രസർക്കാർ. എട്ട് വർഷത്തിനിടെ ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. ഡൽഹിയിലും മുംബൈയടക്കമുള്ള മറ്റ് മെട്രോ നഗരങ്ങളിലും വില കുത്തനെ ഉയർന്നു. പ്രതിസന്ധി രൂക്ഷമാകുമെന്ന നിഗമനത്തിലാണ് കേന്ദ്രത്തിൻറെ അടിയന്തര നടപടി.
അതേസമയം കയറ്റുമതി ചില വ്യവസ്ഥകളോടെ തുടരും. കരാർ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ല. മറ്റ് രാജ്യങ്ങളിൽ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാൽ സർക്കാരിൻറെ അഭ്യർത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.
ചൈനയ്ക്കു തൊട്ടുപിന്നിൽ, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ. യൂറോപ്പിൽ ഏറ്റവും അധികം ഗോതമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യമായിരുന്നു യുദ്ധത്തിന് തൊട്ടുമുമ്പ് വരെ ഉക്രൈൻ. യുദ്ധം മൂലം ഗോതമ്പിൻറെ രാജ്യാന്തര വിലയിൽ 40 ശതമാനത്തോളം വർധനവാണ്. ഇതുമൂലം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിച്ചു. ഡിമാൻഡ് വർധിച്ചതിനാൽ പ്രാദേശിക തലത്തിൽ ഗോതമ്പിൻറെയും മൈദയുടെയും വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയുടെ നിലവിലെ തീരുമാനം അയൽരാജ്യങ്ങൾക്ക് വെല്ലുവിളിയാകും. പതിവായി ഗോതമ്പ് നൽകുന്ന രാജ്യങ്ങളിലെ സർക്കാരുകൾ നേരിട്ട് അഭ്യർത്ഥിച്ചാൽ അല്ലാതെ ഇന്ത്യയിൽ നിന്ന് ഗോതമ്പ് കയറ്റി അയക്കാനാകില്ല. ഇത് ബംഗ്ലാദേശ് കാണുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയാകും.