ന്യൂഡൽഹി : ഇന്ത്യ-അയര്‍ലണ്ട് ബലപരീക്ഷണത്തിന് നാളെ, ഞായറാഴ്ച ഡബ്ലിനില്‍ അരങ്ങൊരുങ്ങും. ഇന്ത്യക്കെതിരായ പ്രകടനമെന്ന നിലയില്‍ ലോകം ശ്രദ്ധിക്കുന്ന ഈ മല്‍സരം അയര്‍ലണ്ടിനും നിര്‍ണ്ണായകമാണ്. അയര്‍ലണ്ടിന് പ്രേക്ഷകരുടെയും ഐ പി എല്‍ ഉടമകളുടെയും ശ്രദ്ധ പിടിച്ചുപറ്റാനുള്ള സുവര്‍ണാവസരം കൂടിയാകും ഈ പോരാട്ടം.
ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനാല്‍ ആന്ദ്രെ ബാല്‍ബിര്‍ണി നയിക്കുന്ന ടീമിന് 2021ലെ ടി20 ലോകകപ്പില്‍ നല്ല സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട പ്ലാനും പദ്ധതിയുമാണ് ടീമിനുള്ളതെന്നാണ് നിരീക്ഷണം.
സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ 34 ടി20കളില്‍ 21 എണ്ണവും തോറ്റ ചരിത്രമാണ് അയര്‍ലണ്ടിനുള്ളത്. ഇതുവരെ മൂന്ന് തവണ എതിരിട്ടിട്ടും തോല്‍പ്പിക്കാന്‍ കഴിയാത്ത ഇന്ത്യയെ നേരിടുമ്പോള്‍ അതുകൊണ്ടു തന്നെ അയര്‍ലണ്ടിന് വീറും വാശിയും കൂടേണ്ടതാണ്.
ബാറ്റ്മാനും വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തിക്കിനെ സംബന്ധിച്ചിടത്തോളം തൻറെ മാജിക് ഒരിക്കല്‍ക്കൂടി ലോകത്തെ ബോധ്യപ്പെടുത്താനുള്ള അവസരമാകും ഈ മല്‍സരം. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ തൻറെ സാന്നിധ്യം നിര്‍ണ്ണായകമാണെന്ന് തെളിയിക്കാനുള്ള വേദി കൂടിയാണിത്.
അതേസമയം, വൈസ് ക്യാപ്റ്റനായി നിയമിതനായ ഭുവനേശ്വര്‍ കുമാറിന് മൂന്നാം പേസറെന്ന സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാകും ഈ ഐറിഷ് അങ്കം. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷാമിയും ലഭ്യമാകുമ്പോള്‍, മൂന്നാം പേസറായി ഹര്‍ഷല്‍ പട്ടേലിനെ തിരഞ്ഞെടുക്കുമെന്നതിനാല്‍ ഭുവിക്ക് ടീമില്‍ ഇടം നേടുന്നത് വെല്ലുവിളിയാകും. അതിനാല്‍, ഷാമിയില്‍ നിന്ന് മൂന്നാം പേസറുടെ സ്ഥാനം പിടിച്ചെടുക്കാന്‍ ഈ യുപിക്കാരന് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു കളി പോലും നേടാന്‍ ദീപക് ഹൂഡയ്ക്ക് കഴിഞ്ഞിരുന്നില്ല. ശ്രേയസ് അയ്യരും ഋഷഭ് പന്തും ടീമിലില്ലാത്തതിനാല്‍ സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുമെങ്കിലും ഹൂഡയ്ക്ക് അവസരം ലഭിക്കുമോ എന്ന് കണ്ടറിയേണം.
ഏറെ നാള്‍ക്കുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ മലയാളി തരാം സഞ്ജു സാംസണിനും നിര്‍ണായകമാണ് അയര്‍ലണ്ട് പര്യടനം. ശ്രേയസ് അയ്യറിനു പകരം ഒരുപക്ഷെ മൂന്നാം നമ്പറില്‍ സഞ്ജുവിന് നറുക്ക് വീണേക്കാം. ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ സഞ്ജുവിൻറെ ബാറ്റില്‍ നിന്ന് തീ പാറേണ്ടതുണ്ട്.
ഇന്ത്യയുടെ പുതിയ നായകനും ചിലതൊക്കെ തെളിയിക്കാനുള്ള അവസരമാണിത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി കപ്പ് ഉയര്‍ത്താന്‍ ക്യാപ്റ്റനെന്ന നിലയിലും ഓള്‍ റൗണ്ടര്‍ എന്ന നിലയിലും മിന്നും പ്രകടനമാണ് ഹര്‍ദിക് പാണ്ട്യ കാഴ്ചവെച്ചത്. അത് അയര്‍ലണ്ട് സീരീസിലും തുടരാനായാല്‍ ഇന്ത്യയുടെ ഭാവി ടി20 നായകന്‍ എന്ന പദവി ഒരുപക്ഷെ ഹര്‍ദിക്കിനെ തേടിയെത്തിയേക്കും.