ഖര്‍ഖീവ് : ഉക്രെയ്നിലെ ഖര്‍ഖീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയും ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (21) ആണ് കൊല്ലപ്പെട്ടത്.
അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോള്‍ ആണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തില്‍ ഗവര്‍ണര്‍ ഹൌസ് ലക്ഷ്യമിട്ട് കൊണ്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു. മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്.
‘ഇന്ന് രാവിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു’ – ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ മിഷന്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്ന് ഡല്‍ഹിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നും ബുക്കാറെസ്റ്റില്‍ നിന്നുമുള്ള രണ്ട് ഇന്‍ഡിഗോ വിമാനങ്ങളായി 434 പേര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തി. ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 9 വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് തിരികെയെത്തിക്കാനായത്.
അതിനിടെ റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഇന്ന് തന്നെ കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. ട്രെയിനോ അല്ലെങ്കില്‍ ലഭ്യമാകുന്ന മറ്റു യാത്രാമാര്‍ഗങ്ങളോ ഉപയോഗിച്ച് എത്രയും പെട്ടെന്ന് കീവില്‍ നിന്ന് മാറാനാണ് നിര്‍ദ്ദേശം.