എറണാകുളം : പി.ടി തോമസ് തുടങ്ങിവെച്ചതെല്ലാം പൂര്‍ത്തിയാക്കുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നിന്നു. ഡൊമിനിക്ക് പ്രസന്റേഷനും കെ.വി.തോമസും ഒപ്പം നില്‍ക്കും. ഒറ്റക്കെട്ടായി എല്ലാവരും പ്രവര്‍ത്തിക്കും, വിജയം ഉറപ്പാണെന്നും ഉമ തോമസ് പറഞ്ഞു.
തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്ന് കെ.സുധാകരന് വ്യക്തമാക്കിയിരുന്നു. പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് ഉമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥിയായി പരിഗണനയില്‍ വന്നത് ഒരു പേര് മാത്രമായിരുന്നെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിടി തോമസ് തൃക്കാക്കരയില്‍ ജയിച്ചു കയറിയത്. മെയ് 31 -നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 -നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.
കെ വി തോമസ് തനിക്കെതിരെ ഒന്നും പറയില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. അദ്ദേഹത്തിന് തങ്ങളുമായുള്ള കുടുംബത്തിലെ ബന്ധം അത്രമാത്രമുണ്ട്. കെ വി തോമസിനെ പോയി കാണുമെന്നും ഉമ തോമസ് പറഞ്ഞു. പി ടി തോമസിൻറെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം ഇന്നത്തെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഉമ തോമസ്.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയില്ലെന്നാണ് ഉമ തോമസ് പറഞ്ഞത്. എല്ലാവരുടേയും സഹകരണം വേണം. കെ വി തോമസിനെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹം മറ്റൊരു ഫോണില്‍ ആയതിനാല്‍ സംസാരിക്കാന്‍ സാധിച്ചില്ല. എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്നാണ് ചേച്ചി പറഞ്ഞത്. മാഷ് എന്നും തങ്ങളെ ചേര്‍ത്ത് പിടിച്ചിട്ടേയുള്ളുവെന്നും ഉമ തോമസ് പറഞ്ഞു.
ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് എല്ലാവരും കൂട്ടായി നില്‍ക്കും. ഒറ്റക്കെട്ടായി ഇങ്ങനെ ഒരു തീരുമാനം എടുത്തത് ആദ്യമായിട്ടായിരിക്കും. അതിനാല്‍ ആത്മവിശ്വാസം ഉണ്ടെന്നും അവര്‍ പറഞ്ഞു.