ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദം ഇഹു

Breaking News Covid France

ഇസ്രായേലില്‍ കഴിഞ്ഞ ദിവസം ‘ഫ്‌ലൊറോണ’യെന്ന പുതിയ കോവിഡ് വേരിയന്റ് സ്ഥിരീകരിച്ചതിനു പിന്നാലെ മറ്റൊരു വകഭേദം ഫ്രാന്‍സിലും സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെല്‍റ്റ വേരിയന്റിൻറെ സാന്നിധ്യവും ഒമിക്രോണിൻറെ രൂക്ഷ വ്യാപനവും കണക്കിലെടുക്കുമ്പോള്‍, പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആഗോള ആശങ്കയുണ്ടാക്കുന്നു. ‘ഇഹു’ എന്നാണ് പുതിയ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. മാഴ്സിലിസ് പ്രദേശത്ത് പന്ത്രണ്ടോളം പേരില്‍ ഈ വേരിയന്റ് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ഇഹു (ഐഎച്ച്യു – ബി. 1.640.2) വകഭേദം ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാക്സിനുകളെ അതിജീവിക്കാന്‍ പുതിയ വൈറസിന് ശേഷിയുണ്ടെന്നാണ് കരുതുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാളും രോഗവ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഫ്രാന്‍സില്‍ ഒഴികെ മറ്റെവിടെയും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകാരോഗ്യ സംഘടന ഇതുവരെ ഇത്തരം ഒരു വകഭേദം ലേബല്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ പുതിയ വകഭേദത്തിന് താല്‍കാലികമായി ‘ഇഹു’ എന്ന് പേര് നല്‍കി.

ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ഫ്രാന്‍സില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലും ഇഹു സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ കോവിഡ് വകഭേദത്തില്‍ നിന്നും 46 തവണ ഈ വകഭേദത്തിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നു. എന്നാല്‍ അവ കൂടുതല്‍ അപകടകരമാകുമെന്ന് അര്‍ത്ഥമാക്കുന്നില്ല. ഒരു വേരിയന്റിനെ കൂടുതല്‍ അറിയപ്പെടുന്നതും അപകടകരവുമാക്കുന്നത് യഥാര്‍ത്ഥ വൈറസുമായി ബന്ധപ്പെട്ട് അതിൻറെ മ്യൂട്ടേഷനുകളുടെ എണ്ണം കാരണം വര്‍ദ്ധിപ്പിക്കാനുള്ള കഴിവാണ് – എപ്പിഡെമിയോളജിസ്റ്റ് എറിക് ഫീഗല്‍-ഡിംഗ് ട്വിറ്ററില്‍ കുറിച്ചു. ഈ പുതിയ വേരിയന്റ് ഏത് വിഭാഗത്തില്‍ പെടുമെന്നതിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.