അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 37 അംഗ ഇന്ത്യന്‍ അത്ലറ്റിക് സംഘത്തെ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര നയിക്കും. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ടീമില്‍ പത്ത് മലയാളി താരങ്ങളുണ്ട്.
അവിനാശ് സാബ്ലെ, സീമ പുനിയ, ദ്യുതി ചന്ദ്, ഹിമ ദാസ് തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം സംഘത്തിലുണ്ട്. ഏഴ് പുരുഷ താരങ്ങളും മൂന്ന് വനിതാ താരങ്ങളുമാണ് ടീമിലെ മലയാളി സാന്നിധ്യം. അമോജ് ജേക്കബ്, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍, എം. ശ്രീശങ്കര്‍, മുഹമ്മദ് അനീസ്, അബ്ദുള്ള അബൂബക്കര്‍, എല്‍ദോസ് പോള്‍, ആന്‍സി സോജന്‍, എം വി ജില്‍ന, എന്‍ എസ് സിമി എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍.
ഇന്ത്യന്‍ ടീമിനു യുഎസില്‍ പ്രത്യേക പരിശീലന ക്യാംപുണ്ടാകുമെന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് ആദില്‍ സുമരിവാല അറിയിച്ചു.
ഒളിംപിക്സിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയിരുന്നു. പാവോ നൂര്‍മി ഗെയിംസില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിൻറെ നേട്ടം. 89.30 മീറ്റര്‍ ദൂരത്തോടെ ടോക്കിയോയില്‍ പറത്തിയ 87.58 മീറ്ററിൻറെ റെക്കോര്‍ഡാണ് നീരജ് മെച്ചപ്പെടുത്തിയത്.