ഡബ്ലിനില്‍ റണ്‍മഴ പെയ്യിച്ച് സഞ്ജു

Entertainment Headlines India Ireland Sports

ഡബ്ലിന്‍ : ഐറിഷ് മലയാളികള്‍ നെഞ്ചിലേറ്റിയ സഞ്ജു സാംസണ്‍ ഇന്ത്യക്ക് കൊടുത്തത് അപ്രതീക്ഷിത റണ്‍മഴ. മഴ മാറി നിന്ന ഡബ്ലിൻറെ ആകാശത്തില്‍ സഞ്ജു സാംസണ്‍ റണ്ണുകളുടെ പെരുമഴ പെയ്യിക്കുന്നത് ക്രിക്കറ്റ് ലോകം അത്ഭുതത്തോടെയാണ് നോക്കി നിന്നത്. സഞ്ജുവിൻറെ ബാറ്റില്‍ പിറന്ന ഓരോ റണ്ണിനും കാഴ്ചക്കാര്‍ ആര്‍പ്പുവിളികളോടെ പിന്തുണ നല്‍കി. ദീപക് ഹൂഡയുടെ ഒപ്പം ഇന്ത്യന്‍ ടീമിനായി ആദ്യ പത്ത് ഓവറുകളില്‍ തന്നെ അയര്‍ലണ്ടിൻറെ വിജയ പ്രതീക്ഷ സഞ്ജു തല്ലിക്കെടുത്തി .

സഞ്ജു സാംസണിൻറെ ആരാധക പിന്തുണ കണ്ട് ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പോലും അമ്പരന്നു. അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്ന് നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ആദ്യ ഏകദിനത്തില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തിയതിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

രണ്ടാം ടി20യില്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനു പകരമാണ് സഞ്ജുവിനു അവസരം ലഭിച്ചത്. പരിക്കു കാരണം റുതുരാജിനു ഈ കളിയില്‍ നിന്നും പുറത്തിരിക്കേണ്ടി വന്നതോടെയാണ് അദ്ദേഹത്തിനു ടീമിലേക്കു വഴി തുറന്നത്.

ടോസിനിടെയാണ് സഞ്ജു സാംസണിൻറെ ആരാധക പിന്തുണയില്‍ എല്ലാവരും ഒരുപോലെ അമ്പരന്നത്. ടോസിനു ശേഷം ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ടീം ലൈനപ്പിനെക്കുറിച്ച് ഹാര്‍ദിക് പറഞ്ഞപ്പോഴെയായിരുന്നു കാണികള്‍ ആര്‍പ്പുവിളിച്ചത്. ഇന്ത്യന്‍ ടീം മൂന്നു മാറ്റങ്ങളോടെയാണ് ഇറങ്ങിയതെന്നായിരുന്നു ഹാര്‍ദിക് തുടക്കത്തില്‍ പറഞ്ഞത്. റുതുരാജ് ഗെയ്ക്വാദിനു പകരം സഞ്ജു സാംസണ്‍ ടീമിലെത്തിയതായി അദ്ദേഹം പറഞ്ഞപ്പോഴായിരുന്നു കാണികളുടെ ആര്‍പ്പുവിളി. ഇതോടെ ഹാര്‍ദിക്കിനു സംസാരം നിര്‍ത്തേണ്ടിയും വന്നു.

സഞ്ജു സാംസണിൻറെ പേര് പറഞ്ഞപ്പോള്‍ ഫാന്‍സ് ആര്‍പ്പുവിളികളോടെയാണ് തീരുമാനത്തെ വരവേറ്റത്. ഇതു കണ്ട ഹാര്‍ദിക് പാണ്ഡ്യയുടെ മുഖത്തും ചിരിപടര്‍ന്നു. അതു നല്ല തീരുമാനമാണെന്നു ആങ്കര്‍ പറഞ്ഞപ്പോള്‍ ഒരുപാട് പേര്‍ക്ക് ഈ തീരുമാനം ഇഷ്ടമായെന്നു തനിക്കു തോന്നുന്നുവെന്നായിരുന്നു കാണികളുടെ ഈ പ്രതികരണത്തെക്കുറിച്ച് ഹാര്‍ദിക് പറഞ്ഞത്.

അതേസമയം, രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മല്‍സരത്തില്‍ ഇന്ത്യ ഇറങ്ങിയത്. മഴയെ തുടര്‍ന്നു വെട്ടിക്കുറച്ച ആദ്യ കളിയില്‍ ഇന്ത്യ ഏഴു വിക്കറ്റിൻറെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നത്തെ കളിയില്‍ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്ക്വാദിനു പകരം സഞ്ജു സാംസണ്‍ വന്നത് കൂടാതെ ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കു പകരം ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്നോയ് എന്നിവര്‍ ഇറങ്ങുകയായിരുന്നു.

അയര്‍ലന്‍ഡിനെതിരെ ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റിന് 225 റണ്‍സെടുത്തു. കരിയറിലെ ആദ്യ അര്‍ധ സെഞ്ചറിയുമായി സഞ്ജു സാംസണ്‍ 77 റണ്‍സെടുത്തു. ദീപക് ഹൂഡ (104) സെഞ്ചറിയുമായി തകര്‍ത്താടി. ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ ഇഷാന്‍ കിഷൻറെ വിക്കറ്റ് നഷ്ടമായി. പിന്നീട് ഐറിഷ് ബോളര്‍മാരെ സഞ്ജുവും ഹുദയും ചേര്‍ന്ന് പഞ്ഞിക്കിട്ടു. 42 പന്തില്‍ ഒന്‍പതു ഫോറും നാല് സിക്സറും ഉള്‍പ്പെടെയാണ് സഞ്ജുവിൻറെ ഇന്നിങ്സ്.