റോമിലെ കൊടും തണുപ്പ് മൂലം ഭവനരഹിതരായ ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Headlines India International Italy

റോം : റോമിലെ ടെര്‍മിനി സ്റ്റേഷനില്‍ കിടന്നുറങ്ങിയ ഭവനരഹിതരായ രണ്ട് പേര്‍ കൊടും തണുപ്പേറ്റ് മരണപ്പെട്ടു. 30 നും 40 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യക്കാരനെ 9:30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തി. 50 നും 55 നും ഇടയില്‍ പ്രായമുള്ള യൂറോപ്യനെന്ന് തോന്നിക്കുന്ന രണ്ടാമത്തയാളെ , 8:45 ന് ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ഇന്ത്യക്കാരനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കാരബിനിയേരി അറിയിച്ചു.ഹൈപ്പോഥെര്‍മിയ കൂടാതെ/അല്ലെങ്കില്‍ ആല്‍ക്കഹോള്‍ കോമ കാരണം സംഭവിക്കുന്ന ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അനുമാനിക്കുന്നതായി കാരബിനിയേരി സൂചിപ്പിച്ചു.

കൊടിയ തണുപ്പും മഞ്ഞും നേരിടാന്‍ ഏറെബുദ്ധിമുട്ടുന്ന ഒരു വിഭാഗമാണ് ഭവനരഹിതര്‍. തെരുവുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഈ കൂട്ടര്‍ക്ക് ശൈത്യകാലം നല്‍കുന്നത് വലിയ നരകയാതനകളാണ്.

കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ കാരണം അഭയകേന്ദ്രങ്ങളില്‍ നിന്ന് ഇറങ്ങി കൂടുതല്‍ ആളുകള്‍ റോമിലെ തെരുവുകളില്‍ ഉറങ്ങുകയാണ്, അതേസമയം ഈ ശൈത്യകാലത്ത് കൊടും തണുപ്പില്‍ നിന്ന് മരിക്കുന്ന ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കത്തോലിക്കാ ചാരിറ്റി കമ്മ്യൂണിറ്റി ഓഫ് സാന്റ് എജിഡിയോ നല്‍കിയ കണക്കുകള്‍ പ്രകാരം. ഇറ്റാലിയന്‍ തലസ്ഥാനത്ത് ഏകദേശം 8,000 ത്തോളം ഭവനരഹിതരായ ആളുകളുണ്ടെന്നും , അവരില്‍ 3,000 ത്തിലധികം പേര്‍ക്ക് രാത്രി താമസസൗകര്യമില്ലെന്നും വ്യക്തമാക്കുന്നു.