ഉമ തോമസിന് വന്‍ വിജയം; തൃക്കാക്കര യുഡിഎഫ് നിലനിര്‍ത്തി

Breaking News Election Kerala Politics

കൊച്ചി : തൃക്കാക്കരയില്‍ ചരിത്ര ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചു. 25,016 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് ഉമയിലൂടെ യുഡിഎഫ് തൃക്കാക്കര മണ്ഡലം നിലനിര്‍ത്തിയത്. എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള ഇടങ്ങളില്‍ പോലും ഉമ ലീഡ് ഉയര്‍ത്തി. മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമ നേടിയത്. നൂറ് സീറ്റ് നേടി സ്വെഞ്ചുറി അടിക്കാമെന്ന എല്‍ഡിഎഫ് മോഹത്തിനാണ് ഇതോടെ മങ്ങലേറ്റത്.

2011 ല്‍ ബെന്നി ബെഹനാന്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് ഉമ റെക്കോര്‍ഡ് ഭൂരിപക്ഷം തൻറെ പേരിലാക്കിയത്. 22,406 ആയിരുന്നു ബെന്നിയുടെ ഭൂരിപക്ഷം. പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഉമാ തോമസാണ് മുന്നിട്ട് നിന്നിരുന്നത്. അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിൻറെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. ഇരുപതില്‍ത്താഴെ ബൂത്തുകളില്‍ മാത്രമാണ് ജോ ജോസഫിന് മുന്‍തൂക്കം കിട്ടിയത്.

ഒ രാജഗോപാലിന് ശേഷം നിയമസഭയില്‍ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എന്‍ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.

പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 72770 വോട്ടുകള്‍ നേടിയാണ് ഉമ തോമസിൻറെ മിന്നും വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47754 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12957 വോട്ടുകളാണ് കിട്ടിയത്.