കീവ് : ഉക്രൈനിയന്‍– റഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ഒഴിഞ്ഞുപോകുന്നതിന് വഴിയൊരുക്കുന്നത് മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. എന്നിരുന്നാലും, ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നും അഞ്ച് നഗരങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.
ആക്രമിക്കപ്പെട്ടുവെന്ന് പറയുന്ന മരിയുപോളിലെ ആശുപത്രി കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതല്ലെന്നും റഷ്യ അറിയിച്ചു. ആശുപത്രി ആക്രമണം വന്‍ വിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്നാണ് റഷ്യന്‍ വിശദീകരണം വന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ക്രെംലിന്‍ പറഞ്ഞു. ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും പിന്നീട് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
റഷ്യയ്‌ക്കെതിരായ ഉപരോധം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു തന്നെ തിരിച്ചടിയാകുമെന്നും മോസ്‌കോ അതിൻറെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ ശക്തമാകുമെന്നും പ്രസിഡന്റ് പുടിന്‍ പറഞ്ഞു. റഷ്യയുടെ മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ ആഗോള ഭക്ഷ്യ വില ഇനിയും ഉയരുമെന്ന് പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം നിയമാനുസൃതമല്ലെന്നും പാശ്ചാത്യ സര്‍ക്കാരുകള്‍ സ്വന്തം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു.
റഷ്യയുടെ എണ്ണ, വാതക ഇറക്കുമതി നിരോധിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. പെട്രോള്‍, ഊര്‍ജ വിലയിലെ വര്‍ദ്ധനവ് താത്കാലികമാണെന്നാണ് കരുതുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. 2022 അവസാനത്തോടെ റഷ്യയുടെ എണ്ണ ഇറക്കുമതി ഘട്ടം ഘട്ടമായി നിര്‍ത്തുമെന്ന് ബ്രിട്ടന്‍ പറഞ്ഞു.
ഇനിയും സിവിലിയന്മാരെ ആക്രമിക്കുന്നതു തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
റഷ്യയിലെ എല്ലാ ബിസിനസ്സുകളും താല്‍ക്കാലികമായി നിര്‍ത്തുമെന്ന് വാള്‍ട്ട് ഡിസ്നി അറിയിച്ചു. ആല്‍ഫബെറ്റ് ഇങ്കിൻറെ യൂട്യൂബും ഗൂഗിള്‍ പ്ലേ സ്റ്റോറും സബ്‌സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടെ റഷ്യയിലെ എല്ലാ പേയ്‌മെന്റ് അധിഷ്ഠിത സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി.
റഷ്യ ആസ്ഥാനമായുള്ള പരസ്യദാതാക്കള്‍ക്കുള്ള പരസ്യങ്ങള്‍ ഗൂഗിള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്നും കമ്പനി അറിയിച്ചു.