സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ; യഥാര്‍ഥ ക്ലിപ് പുറത്തുവിടും: ഷാജ് കിരണ്‍

Breaking News Kerala Politics

കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരണ്‍. സ്വപ്ന പാലക്കാട് വാര്‍ത്താ സമ്മേളനം നടത്തി ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിനു പിന്നാലെയാണ് അത് എഡിറ്റ് ചെയ്ത ക്ലിപ്പ് ആണെന്ന ആരോപണവുമായി ഷാജ് കിരണ്‍ രംഗത്തെത്തിയത്.

”സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എൻറെ ശബ്ദം തന്നെയാണ് എന്നാല്‍, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാര്‍ഥ ശബ്ദരേഖ എൻറെ കൈവശമുണ്ട്. അത് ഞാന്‍ പുറത്തുവിടും.’ – ഷാജ് പറഞ്ഞു. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്നു പറഞ്ഞിട്ടില്ല. എഫ്.സി.ആര്‍.എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്. മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ച് വന്ന വാര്‍ത്തയെപ്പറ്റിയാണ് പറഞ്ഞതെന്നും ഷാജ് കിരണ്‍ പറഞ്ഞു.

സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയില്‍ ഇപ്പോള്‍ നടക്കുന്നത് ചെറിയ കളിയല്ലെന്ന് ഷാജ് കിരണ്‍ പറയുന്നുണ്ട്. സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എൻറെ ഹോള്‍ഡ് മനസിലായല്ലോ. നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍. എന്തുവന്നാലും ഒരുമിച്ച് നേരിടാം. നമ്മള്‍ രണ്ടും അറിയാത്ത കളി ഇതിനകത്ത് നടക്കുന്നുണ്ടെന്നും ഷാജ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിൻറെ ഓഫിസില്‍ വച്ച് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. മുഴുവന്‍ സംഭാഷണത്തിൻറെ ഫയല്‍ മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. സംഭാഷണം എഡിറ്റ് ചെയ്യാത്ത ക്ലിപ്പ് ആണെന്നും സ്വപ്ന അവകാശപ്പെട്ടു.