മരം മുറിയില്‍ എന്തന്വേഷണമാണ് നടത്തിയത്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala

കൊച്ചി: മരം മുറിക്കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിയില്‍ എന്തന്വേഷണമാണ് നടന്നതെന്ന് കോടതി ആരാഞ്ഞു. കേസ് ഡയറിയിലും റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ചതിനെക്കുറിച്ചുള്ള അന്വേഷണം കാണുന്നില്ലെന്നും കോടതി പറഞ്ഞു.

കോടതി ആവശ്യപ്പെട്ടതല്ല റിപ്പോര്‍ട്ടിലുള്ളത്. പുറമ്ബോക്കിലെയും സര്‍ക്കാര്‍ ഭൂമിയിലെയും മരംമുറി സംബന്ധിച്ച റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നല്‍കിയിരിക്കുന്നത് പട്ടയഭൂമിയിലെ മരം മുറിച്ചതിനെക്കുറിച്ചാണ്. എന്തിനാണ് പ്രത്യേക അന്വേഷണ സംഘത്തെ വച്ചത്?. മരം മുറിക്കു പിന്നിലെ സംസ്ഥാനതല ഗുഡാലോചനയെക്കുറിച്ചും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഒന്നുമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഒരു മാസമായിട്ടും പട്ടയഭൂമിയിലെ മരം മുറിയെക്കുറിച്ച്‌ മാത്രമാണ് അന്വേഷണമെന്നും സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ചതില്‍ ഒരന്വേഷണവുമില്ലന്നും ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സംഘത്തെ നിയോഗിച്ച ഉത്തരവില്‍ തന്നെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ – വനം ഭൂമികളിലെ മരം മുറി അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടന്നും കോടതി വ്യക്തമാക്കി.

സിബിഐ അന്വേഷണം സംബന്ധിച്ച ഹര്‍ജിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ് ഡയറിയും റിപ്പോര്‍ട്ടും ഹാജരാക്കിയത്. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു വിമര്‍ശനം. കേസില്‍ കോടതി പിന്നീട് വിധി പറയും.