ആലപ്പുഴ : ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിൻറെ റാലിക്കിടെയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബ് പൊലിസ് കസ്റ്റഡിയില്‍. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചതിന് കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് അന്‍സാര്‍ ആണെന്നാണ് വിവരം. കേസില്‍ മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ആളും പ്രതിയാകും.
മതസ്പര്‍ദ്ദ സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റത്തിന് 153 A വകുപ്പ് പ്രകാരം ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. റാലിയില്‍ ഒരാള്‍ തോളിലേറ്റിയിരുന്ന ചെറിയകുട്ടിയാണ് മുദ്രാവാക്യം വിളിച്ചത്. മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ട നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
അതേസമയം കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിൻറെ വിശദീകരണം. സംഭവം പരിശോധിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചു.കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴയില്‍ ജന മഹാസമ്മേളനം നടന്നത്. വലിയ ആള്‍ക്കൂട്ടം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ നടന്ന റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളി ഉയര്‍ന്നത്. ഇതിൻറെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.