എറണാകുളം : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനടക്കം ആറ് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻറെ ആവശ്യം തള്ളിയാണ് കോടതിയുടെ ഉത്തരവ്. അതേസമയം കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏതെങ്കിലും ഉപാധി ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിലുണ്ട്. അതേസമയം വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻറെ തീരുമാനം.
അന്വേഷണസംഘവുമായി ദിലീപും മറ്റു പ്രതികളും പരമാവധി സഹകരിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ രാമന്‍ പിള്ള വാദിച്ചതാണ് ദിലീപിന് ജാമ്യത്തിന് വഴിയൊരുങ്ങിയത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കാന്‍ രാമന്‍പിള്ള . ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതും മണിക്കൂറുകളോളം ദിലീപും ഒപ്പമുള്ളവരും ചോദ്യം ചെയ്യല്ലിന് ഹാജരായതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം വാങ്ങിച്ചത്.
പ്രതികള്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിനൊപ്പം സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും പ്രതികള്‍ ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം എടുക്കണമെന്നും കോടതി നിബന്ധനവെച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.