ഗ്രേസ്മാര്‍ക്കിന് അര്‍ഹതയുള്ള വിദ്യാർത്ഥികൾക്ക് കൊടുക്കണം

Covid Kerala Latest News

കോട്ടയം : ചങ്ങനാശ്ശേരി എസ്.എസ്.എല്‍.സി,പ്ലസ് ടു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവരെ ഗ്രേസ് മാര്‍ക്കില്‍നിന്നും ഒഴിവാക്കുവാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍ സി സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ്, റെഡ്ക്രോസ് തുടങ്ങിയ സ്‌കൂള്‍ പ്രസ്ഥാനങ്ങളുടെ ക്യാമ്പില്‍ പങ്കെടുക്കുകയും, കൊറോണ കാലത്തു മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജോലികള്‍ പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാര്‍ക്കിനര്‍ഹതയുണ്ട്. സ്‌കൂള്‍ കലോല്‍സവം നടന്നിട്ടില്ല എന്നതിന്റെ പേരില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുള്ളവരെയെല്ലാം ഒഴിവാക്കുന്നത് ആശാസ്ത്രീയവും നീതി നിക്ഷേധവുമാണെന്നും വി.ജെ ലാലി ചൂണ്ടികാട്ടി.

നിലവിൽ എസ്. എസ് എല്‍. സി. പരീക്ഷയെഴുതി കഴിഞ്ഞ വര്‍ഷം ക്യാമ്പ് കൂടുകയും പ്ലസ് ടു അവസാന വര്‍ഷ പരീക്ഷയെഴുതി ഒന്നാം വര്‍ഷം ക്യാമ്പ് കൂടുകയും ഓരോ തലത്തിലും പരിശോധനകള്‍ നടത്തി അതാതു വകുപ്പുകള്‍ സര്‍ക്കാരിലേക്കു ശുപാര്‍ശ ചെയ്ത വിദ്യാർഥികൾക്കും ഗ്രേസ് മാര്‍ക്ക് നിഷേധിക്കുന്ന ഉത്തരവ് തിരുത്തണമെന്നും മുഖ്യമന്ത്രി ഈ വിഷയത്തിലിടപെടണമെന്നും വി.ജെ ലാലി ആവശ്യപ്പെട്ടു.