കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ക്ക് നിരോധനം

Breaking News Social Media Technology

ന്യൂഡൽഹി : പ്ലേ സ്റ്റോറിലെ എല്ലാ കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഗൂഗിള്‍. കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ നിരോധിക്കുമെന്ന് ടെക് ഭീമന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്ലേ സ്റ്റോര്‍ നയത്തിലെ മാറ്റം ഇന്ന് (മേയ് 11) മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇന്‍ബില്‍റ്റ് കോള്‍ റെക്കോര്‍ഡിങ് ഫീച്ചറുമായി വരുന്ന ഫോണുകള്‍ക്ക് മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് അറിയുന്നത്.

കോളുകള്‍ റെക്കോര്‍ഡു ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കമ്പനി വിശ്വസിക്കുന്നതിനാലാണ് ഈ നീക്കം. ആപ്പിള്‍ നേരത്തേ തന്നെ ഇത്തരം ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും എതിരാണ്. ഗൂഗിളിൻറെ ഡയലര്‍ ആപ്പിലെ കോള്‍ റെക്കോര്‍ഡിങ് ഫീച്ചറിലും മാറ്റം കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് ‘ഈ കോള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു’ എന്ന മുന്നറിയിപ്പ് കോള്‍ ചെയ്യുന്ന വ്യക്തിക്ക് ലഭിക്കുന്നു.

മൂന്നാം കക്ഷി ആപ്പുകളെ മാത്രമാണ് ഇപ്പോഴത്തെ മാറ്റം ബാധിക്കുകയെന്ന് ഗൂഗിള്‍ വ്യക്തമാക്കി. അതായത് നിങ്ങളുടെ ഹാന്‍ഡ്‌സെറ്റില്‍ ലഭ്യമാണെങ്കില്‍ ഗൂഗിള്‍ ഡയലറിലെ കോള്‍ റെക്കോര്‍ഡിങ് തുടര്‍ന്നും പ്രവര്‍ത്തിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ ഉള്ള ആപ്പുകള്‍ മാത്രമാണ് നിരോധിക്കുന്നത്.

കോള്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ നിരോധിക്കുന്നതായി ഗൂഗിള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ട്രൂകോളറിൻറെ പ്ലാറ്റ്ഫോമില്‍ നിന്ന് കോള്‍ റെക്കോര്‍ഡിങ് ഫീച്ചര്‍ നീക്കം ചെയ്തിരുന്നു.