കൊച്ചി : ഈ നൂറ്റാണ്ടിൻറെ മഹാമാരിയെന്നു വിധികുറിച്ച കോവിഡ്, ലോകത്ത് 50 കോടിയും കടന്നു കുതിക്കുന്നു. വ്യാപനത്തിൻറെ തോതും മരണ സംഖ്യയും കുറഞ്ഞതോടെ കോവിഡ് വ്യാധിയുടെ ആധിയില്‍ നിന്നു ലോകം ക്രമേണ മുക്തമായി. ഏഷ്യ, യൂറോപ്പ്, യുഎസ് തുടങ്ങിയ അതിവ്യാപന രാജ്യങ്ങളിലുണ്ടായിരുന്ന യാത്രാനിയന്ത്രണങ്ങളെല്ലാം നീക്കി. ഇരുപതോളം രാജ്യങ്ങളില്‍ കഴിഞ്ഞ 10 ദിവസമായി ഒരാള്‍ക്കു പോലും പുതുതായി രോഗം പിടിപെട്ടില്ല. ഇന്ത്യന്‍ സംസ്ഥാനമായ പുതുച്ചേരിയില്‍ കഴിഞ്ഞ 13 ദിവസം തുടര്‍ച്ചയായി പുതിയ കോവിഡ് രോഗികളില്ലെന്നും റിപ്പോര്‍ട്ട്.
കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞതോടെ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് ഇന്നലെ മുതല്‍ നിര്‍ത്തി. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് കേരളത്തില്‍ 65,35,971 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 68,365 പേര്‍ മരിച്ചു. 2211 ആക്റ്റീവ് കേസുകളുമുണ്ട്. കേരളത്തില്‍ കോവിഡ് സംബന്ധമായി ഏര്‍പ്പെടുത്തിയിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കപ്പെട്ടു. മാസ്‌ക് മാത്രമാണ് കോവിഡിൻറെ സാന്നിധ്യമറിയാനുള്ള ഏക അടയാളം. മിക്ക ലോക രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ 2019 ഡിസംബര്‍ ഒന്നിലെ സ്ഥിതി പുനഃസ്ഥാപിക്കപ്പെട്ടു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള യുഎസിലും യാത്രാ വിലക്കുകളെല്ലാം നീക്കി. ഏഷ്യയില്‍ ഒരിടത്തും കോവിഡ് നിയന്ത്രണങ്ങളില്ല. ഇന്ത്യയില്‍ ആഭ്യന്തര വിദേശ സഞ്ചാരികള്‍ക്കാര്‍ക്കും വിലക്കില്ല.
ലോകം ഒന്നാകെ കോവിഡ് പേടിയില്‍ നിന്നു മുക്തമായി. 2019 ഡിസംബര്‍ 26 മുതല്‍ ലോകത്തെ കീഴടക്കിയ ഈ മഹാമാരി 50,01,19,805 പേരെയാണു ബാധിച്ചത്. ലോകത്താകമാനം 62,06,676 പേര്‍ കോവിഡ് ബാധിച്ച് ഇന്നലെ വരെ മരിച്ചു. പതിന്നാലാം നൂറ്റാണ്ടില്‍ ലോകത്തെ വിറപ്പിച്ച കരിമ്പനി എന്ന പ്ലേഗ് മൂലം ഏഴര കോടി ആളുകള്‍ മരിച്ചു എന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരെ കാലപുരിക്കയയച്ചത് കോവിഡ്-19 എന്ന കൊറോണ വൈറസ് ആണ്.
നൈസര്‍ഗിക വൈറസാണെങ്കില്‍ വായു ജന്യമോ ജലജന്യമോ ആകാതിരുന്നത് വലിയ ഭാഗ്യമായി. അല്ലായിരുന്നെങ്കില്‍ ലോക ജനസംഖ്യയുടെ 90 ശതമാനത്തെയും നക്കിത്തുടച്ചു താണ്ഡവമാടുമായിരുന്നു, കൊറോണ. ജൈവായുധമാണെങ്കില്‍ ലോകത്തെ കാത്തിരിക്കുന്നത് ഏറ്റവും മാരകമായ വജ്രായുധവും. ഒരു ടെസ്റ്റ് ട്യൂബില്‍ ഉള്‍ക്കൊള്ളാവുന്നത്ര വൈറസുകളെ ഉപയോഗിച്ച് മാനവ രാശിയെത്തന്നെ എന്നേക്കുമായി അവസാനിപ്പിക്കാവുന്ന ഭീകരായുധത്തിൻറെ ചെറിയ പതിപ്പ് മാത്രമാണ് കോവിഡ്-19. രണ്ടായാലും കരുതിയിരിക്കുക, മനുഷ്യകുലത്തിൻറെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ജനിതക മാറ്റങ്ങളുമായി ഏതൊക്കെയോ വൈറസുകള്‍ എവിടെയൊക്കെയോ രൂപമാറ്റം വരുത്തിക്കൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ ജനിതകമാറ്റം സംഭവിക്കുന്ന സ്വാഭാവിക വൈറസാകാം. അല്ലെങ്കില്‍ അത്യന്തം വിനാശകരമായ ജൈവായുധമാകാം.