ഉക്രൈന്‍ യുദ്ധം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്ന് ലോക ബാങ്ക് അദ്ധ്യക്ഷന്‍

Breaking News Business Life Style USA

വാഷിങ്ടണ്‍ : ഉക്രൈന്‍ യുദ്ധം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക് അദ്ധ്യക്ഷന്‍ ഡേവിഡ് മൽപാസ്സ്‌. യുദ്ധം മൂലമുണ്ടായ ഭക്ഷ്യ-ഊര്‍ജ്ജ വില വര്‍ദ്ധനവും, കീടനാശിനികളുടെ ലഭ്യതക്കുറവുമാണ് മാന്ദ്യത്തിലേക്ക് നയിക്കുക എന്നും അദ്ദേഹം പറഞ്ഞു. യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാന്ദ്യത്തിൻറെ സാധ്യതകള്‍ മുന്നോട്ട് വച്ചെങ്കിലും കൃത്യമായ ഒരു കാലയളവ് അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല.

അന്താരാഷ്ട്ര തലത്തിലെ ജി.ഡി.പി പരിശോധിച്ചതിൻറെ അടിസ്ഥാനത്തില്‍ മാന്ദ്യം ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണെന്നാണ് തൻറെ വിലയിരുത്തല്‍, ലോകത്തിലെ തന്നെ നാലാമത്തെ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയുടെ സമ്പദ് വ്യവസ്ഥ പോലും മന്ദഗതിയിലായിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും, അമേരിക്കയിലും, ചൈനയിലും വളര്‍ച്ചാ നിരക്കും പ്രതീക്ഷാവഹമല്ലെന്നും, റഷ്യയുടെയും, ഉക്രൈൻറെയും സമ്പദ്വ്യവസ്ഥയിലും കാര്യമായ സങ്കോചം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലെ ഷാങ്ഹായ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്‌ഡൌണ്‍ സംബന്ധിച്ച ആശങ്കകളും അദ്ദേഹം യോഗത്തില്‍ പങ്കുവച്ചു. ഇവ ലോകത്തില്‍ തന്നെ സാമ്പത്തികമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് മുന്‍പ് തന്നെ ചൈനീസ് റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കം പിരിമുറുക്കത്തിൻറെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു.

ഇതുമൂലം 2022 ലെ ചൈനയിലെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കിലും കുറവ് രേഖപ്പെടുത്തിയിരുന്നു. കോവിഡ് വീണ്ടും പടരുകയും, വിവിധ നഗരങ്ങളില്‍ ലോക്‌ഡൌണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ചൈനയുടെ വളര്‍ച്ചാ പ്രതീക്ഷകള്‍ വീണ്ടും കുറഞ്ഞതായും മൽപാസ്സ്‌ പറഞ്ഞു.