ആഗോള മിനിമം നികുതി സംവിധാനത്തിന് അംഗീകാരം നല്‍കി ജി20 രാഷ്ട്രങ്ങള്‍

Headlines India International Middle East

റോം: വന്‍കിട കമ്പനികളുടെ നികുതിവെട്ടിപ്പ് തടയുന്നത് ലക്ഷ്യമിട്ടുള്ള ആഗോള മിനിമം നികുതി സമ്പ്രദായത്തിന് അംഗീകാരം നല്‍കി ജി-20 രാജ്യങ്ങള്‍. കോര്‍പ്പറേറ്റ് നികുതി ഉടമ്പടി പുതിയ ബഹുരാഷ്ട്ര ഏകോപനത്തിൻ്റെ തെളിവാണെന്ന് ഇന്നലെ നടന്ന യോഗം വിലയിരുത്തി. ഇതുവഴി 2023 മുതല്‍ ലാഭം മറച്ചുവച്ചുകൊണ്ട് നികുതി വെട്ടിക്കാനുള്ള വന്‍കിട കോര്‍പ്പറേറ്റുകളുടെ ശ്രമങ്ങള്‍ക്ക് തടയിടാമെന്നും, 15 ശതമാനം മിനിമം നികുതി ഉറപ്പുവരുത്താനാകുമെന്നും വിവിധ രാഷ്ട്രനേതാക്കള്‍ അഭിപ്രായപ്പെട്ടു. താരതമ്യേന ദരിദ്രരായ രാഷ്ട്രങ്ങള്‍ക്ക് കടത്തില്‍ നിന്നു കരകയറാനുള്ള സഹായങ്ങള്‍ നല്‍കാനും ഇന്നലെ നടന്ന ജി20 യോഗം തീരുമാനമെടുത്തിട്ടുണ്ട്.

ഇറ്റലിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഇത്തവണത്തെ ജി20 സമ്മേളനത്തിൻ്റെ ആദ്യദിനത്തിലെ പ്രധാന അജണ്ടകള്‍ ആരോഗ്യം, സാമ്പത്തികം എന്നിവയായിരുന്നു. സുപ്രധാനമായ കാലാവസ്ഥാ സംബന്ധമായ ചര്‍ച്ചകള്‍ രണ്ടാം ദിനമായ ഇന്ന് നടക്കും. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഭരണാധികാരികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച ഇറ്റാലിയന്‍ പ്രസിഡൻ് മരിയോ ഡ്രാഗി പറഞ്ഞു. മഹാമാരികള്‍, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളില്‍ ഒറ്റയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യില്ല എന്നും കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഇതിനായി ആവശ്യമെന്നും ഡ്രാഗി പറഞ്ഞു.