ലോക നേതാക്കളില്‍ ഒന്നാമന്‍ മോദി

Headlines India International

ന്യൂഡല്‍ഹി : ആഗോള അംഗീകാരത്തിൻറെയും സ്വീകാര്യതയുടെയും കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെയും യുകെ, കാനഡ പ്രധാനമന്ത്രിമാരെയും പിന്തള്ളി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദ മോണിംഗ് കോൺസൾറ്റൻറ്’ നടത്തിയ സര്‍വെയില്‍ 70%മാണ് മോഡിയുടെ അംഗീകാരം. മെക്സിക്കന്‍ പ്രസിഡൻറ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ബ്രഡോര്‍ രണ്ടാം സ്ഥാനത്തും ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി മൂന്നാം സ്ഥാനത്തുമെത്തി. ഇതിനു മുമ്പും മോദി ഈ പട്ടികയില്‍ ഒന്നാമതെത്തിയിട്ടുണ്ട്.

ഓരോ രാജ്യത്തു നിന്നുമുള്ള പ്രായപൂര്‍ത്തിയായ ആളുകളുടെ അഭിപ്രായം കണക്കാക്കി അമേരിക്കന്‍ ഡാറ്റാ ഇന്റലിജന്‍സ് സ്ഥാപനമാണ് മോണിംഗ് കണ്‍സള്‍ട്ടൻറ് റാങ്കിംഗ് നടത്തിയത്. ഇന്ത്യയില്‍ നിന്നും 2126 പേരുമായി മോണിംഗ് കണ്‍സള്‍ട്ടൻറ്ഓണ്‍ലൈന്‍ അഭിമുഖം നടത്തിയിരുന്നു.

ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കറാണ് നാലാം സ്ഥാനത്ത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഏഴാം സ്ഥാനത്തും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അഞ്ചാം സ്ഥാനത്തും കാനഡാ പ്രധാനമന്ത്രി ട്രൂഡോ ആറാം സ്ഥാനത്തുമാണ്. യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് പത്താം സ്ഥാനമേയുള്ളു. ബ്രസീല്‍ പ്രസിഡന്റ് ജയ്ര് ബോള്‍സോനാരോ പട്ടികയില്‍ 13ാം സ്ഥാനത്താണ്.

ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍ മെക്സിക്കോ, ദക്ഷിണകൊറിയ, സ്പെയിന്‍, യു.കെ, യു.എസ് എന്നിവിടങ്ങളിലെ നേതാക്കളുടെ അംഗീകാരം, സ്വീകാര്യത എന്നിവയിലുള്ള റെയ്റ്റിംഗ് കണക്കാക്കിയ ശേഷമാണ് മോദിയെ ഒന്നാമനായി തിരഞ്ഞെടുത്തത്. പട്ടികയില്‍ മോദി ഒന്നാമനായ കാര്യം കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ സമൂഹമാധ്യമമായ ‘കൂ’വിലൂടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.