സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് കണ്ണീരോടെ വിടചൊല്ലി രാജ്യം. റാവത്തിൻറെയും ഭാര്യ മധുലികയുടെയും സംസ്‌കാരച്ചടങ്ങുകള്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെ, ദില്ലി ബ്രാര്‍ സ്‌ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ നടന്നു. 17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് രാജ്യത്തിൻറെ വീരപുത്രന് വിട നല്‍കിയത്.
സംസ്‌കാരത്തിനായി ഇരുവരുടെയും മൃതദേഹങ്ങള്‍ വിലാപയാത്രയായാണ് ബ്രാര്‍ സ്‌ക്വയറിലേക്കെത്തിച്ചത്. 3.30 മുതല്‍ 4.00 വരെ ഇവിടെ പൊതുദര്‍ശനത്തിന് വച്ചു. മതപരമായ ചടങ്ങുകള്‍ക്കായി 4.45 ഓടെ മൃതദേഹങ്ങള്‍ ഒരേ ചിതയിലേക്കെടുത്തു. മക്കളായ കൃതികയും തരിണിയും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.
ഡിസംബര്‍ 8 ബുധനാഴ്ച ഉച്ചയോടെയാണ് സംയുക്ത സേനാ മേധാവിയുടെയും ഒപ്പമുണ്ടായിരുന്ന 13 പേരുടെയും ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്. രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.