ഫിന്‍ലന്റിനുള്ള പ്രകൃതി വാതക വിതരണം നിര്‍ത്തിവെച്ച് റഷ്യ

Finland Headlines Russia

ഹെല്‍സിങ്കി : നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചതിന് തൊട്ടുപിന്നാലെ ഫിന്‍ലന്റിനെതിരെ നടപടികളുമായി റഷ്യ രംഗത്തുവന്നു. ഗാസ്‌പ്രോമിന് റൂബിളില്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിൻറെ പേരില്‍ ഫിന്‍ലന്റിലേക്കുള്ള പ്രകൃതി വാതക വിതരണം നിര്‍ത്തി. നിരോധനം ഇന്ന് രാവിലെ 5 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫിന്‍ലന്റിലെ റഷ്യന്‍ ഊര്‍ജ്ജ കമ്പനിയായ ഗാസം വ്യക്തമാക്കി.

റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തെത്തുടര്‍ന്ന് ഫിന്‍ലാന്റും അയല്‍രാജ്യമായ സ്വീഡനും ചരിത്രപരമായ സൈനിക ചേരിതിരിവ് ലംഘിച്ച് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചിരുന്നു. ഇതാണ് റഷ്യയെ പ്രകോപിച്ചതെന്നാണ് കരുതുന്നത്. നാറ്റോ അംഗത്വത്തിനുള്ള പുതിയ അപേക്ഷകര്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മോസ്‌കോ ഫിന്‍ലന്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയുടെ ഊര്‍ജ്ജ സ്ഥാപനമായ ആര്‍ എ ഒ നോര്‍ഡിക് പേയ്മെന്റ് കുടിശ്ശിക ക്ലെയിം ചെയ്തതിനെത്തുടര്‍ന്ന് ഫിന്‍ലന്റിലേക്കുള്ള വൈദ്യുതി വിതരണം ഞായറാഴ്ച നിര്‍ത്തിയിരുന്നു. എന്നിരുന്നാലും കുറഞ്ഞ സമയത്തിനകം പ്രശ്നം പരിഹരിച്ചു.

ഗ്യാസിന് പണം ഇനിയും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഇന്നു മുതല്‍ ഡെലിവറികള്‍ നിര്‍ത്തുമെന്നും റഷ്യന്‍ ഗ്യാസ് കമ്പനിയായ ഗാസ്‌പ്രോമിൻറെ കയറ്റുമതി വിഭാഗമായ ഗാസ്‌പ്രോം എക്‌സ്‌പോര്‍ട്ടാണ് വ്യക്തമാക്കിയതെന്ന് ഗാസം സി ഇ ഒ പറഞ്ഞു.

പേയ്‌മെന്റുകള്‍ റൂബിളില്‍ നല്‍കണമെന്ന് ഗാസ്‌പ്രോം എക്‌സ്‌പോര്‍ട്ട് ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗാസം ഈ ആവശ്യം നിരസിച്ചു. മാത്രമല്ല കോടതിയില്‍ പോകുമെന്നും പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്നാണ് റഷ്യന്‍ നടപടിയുണ്ടായത്.

ഏതു വിധേനയും കോടതിയില്‍ റഷ്യന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഗാസ്‌പ്രോം എക്‌സ്‌പോര്‍ട്ട് പറഞ്ഞു. റഷ്യ ആര്‍ക്കും ഒന്നും സൗജന്യമായി നല്‍കാന്‍ പോകുന്നില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവും വ്യക്തമാക്കി.

ഫിന്‍ലന്റിൻറെ ഊര്‍ജ്ജ ഉപഭോഗത്തിൻറെ ഏകദേശം എട്ട് ശതമാനം പ്രകൃതിവാതകമാണ്. ഇതിൻറെ ഭൂരിഭാഗവും റഷ്യയില്‍ നിന്നാണ്. റഷ്യന്‍ ഊര്‍ജ കയറ്റുമതിയെ ആശ്രയിക്കുന്നതിൻറെ അപകടം മുന്നില്‍ക്കണ്ട് യു എസ് ആസ്ഥാനമായ എക്‌സെലറേറ്റ് എനര്‍ജിയുമായി എല്‍ എന്‍ ജി ടെര്‍മിനല്‍ ഷിപ്പിനായി രാജ്യം പത്തുവര്‍ഷത്തെ പാട്ടക്കരാറില്‍ ഒപ്പിട്ടിരുന്നു. റഷ്യന്‍ വാതകത്തില്‍ നിന്ന് മോചനം നേടാന്‍ എല്‍ എന്‍ ജി ടെര്‍മിനല്‍ സഹായിക്കുമെന്ന് ധനമന്ത്രി അന്നിക സാരിക്കോ പറഞ്ഞു.