35 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍ വിലയില്‍ നേരിയ കുറവ്

General

ന്യൂഡല്‍ഹി: 35 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍ വിലയില്‍ നേരിയ കുറവ്. ലിറ്ററിന് 15 മുതല്‍ 20 പൈസ വരെയാണ് രാജ്യത്തെമ്ബാടുമായി പെട്രോള്‍ വില കുറഞ്ഞിരിക്കുന്നത്. ഡീസല്‍ വിലയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 18 മുതല്‍ 20 പൈസ വരെയാണ് കുറഞ്ഞിരിക്കുന്നത്.

ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 20 പൈസ കുറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ ഇന്നത്തെ വില 101.64 ആണ്. തലസ്ഥാനത്ത് ഡീസല്‍ വിലയും നൂറിന് അടുത്ത് നില്‍ക്കുകയാണ്. ഒരു ലിറ്ററിന് 89.07 പൈസാണ് പുതുക്കിയ വില. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.66 രൂപയും ഡീസലിന് 96.64 രൂപയുമായി. പെട്രോള്‍ വില നൂറ് കടക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം മുംബൈ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 107.83 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ വില. 20 പൈസയാണ് ഡീസലിനും പെട്രോളിനും ഇന്ന് ഉണ്ടായിരിക്കുന്നത്.

കൊല്‍ക്കത്തയിലും പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോള്‍ 101.93 രൂപയും ഡീസല്‍ ലിറ്ററിന് 92.13 രൂപയുമാണ് കല്‍ക്കത്തയില്‍ വില. ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില നൂറ് രൂപയില്‍ താഴെയാണ്. 99.32 രൂപ. 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. ഡീസല്‍ വിലയിലും 18 പൈസയുടെ കുറവുണ്ടായിട്ടുണ്ട്. 93.66 രൂപയാണ് ഒരു ലിറ്ററിന് വില.

രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്ബനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകള്‍ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ അറിയാനാകും. അതേസമയം, മൊബൈല്‍ ഫോണുകളില്‍ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്ബറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.

രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു. ഇതില്‍ മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ, ലഡാക്ക്, ബീഹാര്‍, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചതിന്ശേഷം തമിഴ്നാട്ടില്‍ വില 100 ല്‍ താഴെയായിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ വ്യാഴാഴ്ചയും ഇന്ധനവിലയില്‍ കുറവുണ്ടായി. ബ്രെന്റ് ക്രൂഡോയില്‍ വില 2.6 ശതമാനം കുറഞ്ഞ് 66.45 ഡോളറായി. യുഎസ് വെസ്റ്റ് ഇന്റര്‍ മീഡിയറ്റ് ക്രൂഡ് വില 2.6 ശതമാനം താഴ്ന്ന് 63.50 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. മെയ് 21ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.