കോവിഡ് ബാധിതരേറുന്നു; ഫേയ്സ് മാസ്‌കിനെ തിരികെ വിളിച്ച് ഫ്രാന്‍സ്

Breaking News Covid France Health

പാരീസ് : ടൂറിസം രംഗം സജീവമായതോടെ കോവിഡ് വ്യാപനവും ആശുപത്രി പ്രവേശനവും വര്‍ധിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഫേയ്സ് മാസ്‌കുകള്‍ വീണ്ടും തിരിച്ചുവരുന്നു. കോവിഡ് പ്രതിരോധം മുന്‍നിര്‍ത്തി മാസ്‌കുകള്‍ ധരിക്കണമെന്ന ഉപദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോവിഡിൻറെ തിരിച്ചുവരവിനൊപ്പം ഫേയ്സ് മാസ്‌കും മടങ്ങിയെത്തുന്ന നിലയാണ്.

പബ്ലിക് ട്രാന്‍സ്പോര്‍ട്ടില്‍ ആളുകള്‍ മാസ്‌ക് ധരിക്കുന്നത് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രി ഈ ആഴ്ച ശുപാര്‍ശ ചെയ്തിരുന്നു. ചില നഗരങ്ങളില്‍ ഇന്‍ഡോറുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതിന് പ്രാദേശികതലത്തില്‍ ഉദ്യോഗസ്ഥര്‍ ആലോചന നടത്തുന്നുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫ്രാന്‍സില്‍ കോവിഡുമായി ബന്ധപ്പെട്ട ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നു. പ്രതിദിനം 1,000-ത്തോളം കോവിഡ് രോഗികളാണ് ആശുപത്രിയിലെത്തുന്നത്. എന്നിരുന്നാലും ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് പദ്ധതിയില്ലെന്ന് സര്‍ക്കാര്‍ വക്താവ് ഒലിവിയ ഗ്രിഗോയര്‍ പറഞ്ഞു.

പാന്‍ഡെമിക്കിൻറെ തുടക്കത്തില്‍, ഫേയ്സ് മാസ്‌കിനെതിരായ നിലപാടായിരുന്നു ഇവിടെ സര്‍ക്കാര്‍ സ്വീകരിച്ചത്. പിന്നീട് യൂറോപ്പാകെ കര്‍ക്കശമായ നിയന്ത്രണം വന്നതോടെയാണ് കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായത്.

മാസ്‌കുകള്‍ വേണ്ടത്ര സംഭരിക്കുന്നതിലും വൈറസ് പടരുന്നത് തടയുന്നതിലും ഫ്രഞ്ച് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പാരീസ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. മാസ്‌കുകള്‍ കോവിഡ് ബാധിതരാകുന്നതില്‍ നിന്ന് സംരക്ഷിക്കില്ലെന്ന് നേരത്തെ നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് പാരീസിലെ അഡ്മിനിസ്ട്രേറ്റീവ് കോടതിയും വിധിച്ചു.

ഏപ്രിലിലാണ് മിക്ക കോവിഡ് നിയമങ്ങളും സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. അതോടെ വിദേശ വിനോദസഞ്ചാരികളും ഒഴുകിത്തുടങ്ങി, ഒപ്പം കോവിഡും എത്തി. ഇതിനിടയില്‍, രാജ്യത്തെ ആശുപത്രികളില്‍ സ്റ്റാഫുകളുടെ കുറവും ഫണ്ട് ക്ഷാമവും പ്രശ്നമായിട്ടുണ്ട്.