ഫ്രഞ്ച് ജനതയുടെ മനസ്സ് കീഴടക്കി ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും

Election France Headlines International

പാരിസ്: വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്രഞ്ച് ജനതയുടെ മനസ്സ് സ്വന്തമാക്കി
ഇമ്മാനുവല്‍ മാക്രോണ്‍. നിലവിലെ പ്രസിഡന്റിന് ഒരു വട്ടം കൂടി ഫ്രാന്‍സിൻറെ ഭരണം വിട്ടുനല്‍കിയിരിക്കുകയാണ് ജനം.

ഇമ്മാനുവല്‍ മാക്രോണ്‍ 58.2% വോട്ടുകള്‍ നേടിയതായി എക്സിറ്റ് പോള്‍ പ്രവചിച്ചു. തീവ്ര വലതുപക്ഷക്കാരിയായ മറീന്‍ലെ പെന്നായിരുന്നു മാക്രോണിൻറെ പ്രധാന എതിരാളി. ലെ പെന്‍ 41.8% മുതല്‍ 42.4% വരെ വോട്ടുകള്‍ നേടിയെന്നും ടി വി ചാനലുകള്‍ പറയുന്നു.

2017ലും ഇരുവരും തമ്മിലായിരുന്നു മത്സരം. ആദ്യ റൗണ്ട് ഇലക്ഷനില്‍ തന്നെ തീവ്ര ഇടതുപക്ഷ നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണ്‍, മൂന്നാം സ്ഥാനത്തായിരുന്നു. 2002ല്‍ ജാക്വസ് ചിറാക്കിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ പ്രസിഡന്റാണ് മാക്രോണ്‍.

ഇലക്ഷനു മുന്നോടിയായി നടന്ന അഭിപ്രായവോട്ടെടുപ്പുകളിലെല്ലാം മാക്രോണിനാണ് വിജയസാധ്യത പ്രവചിച്ചിരുന്നത്. എന്നിരുന്നാലും ലെ പെന്നും ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്.

അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം പ്രചാരണത്തിൻറെ അവസാന ഘട്ടം വരെയും തുടര്‍ച്ചയായി ജനസ്സമതി നിലനിര്‍ത്താന്‍ ഇമ്മാനുവല്‍ മാക്രോണിന് സാധിച്ചിരുന്നു.

പരാജയപ്പെട്ടെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തൻറെ സ്‌കോര്‍ മികച്ചതാണെന്ന് ലെ പെന്‍ പറഞ്ഞു. ഫ്രഞ്ച് ജനതയ്ക്കൊപ്പം ഇനിയും ഉണ്ടാകുമെന്നും 53 കാരിയായ ഇവര്‍ പറഞ്ഞു. വിജയിച്ചാല്‍ ഫ്രാന്‍സില്‍ പ്രസിഡന്റാകുന്ന ആദ്യ സ്ത്രീയാകുമായിരുന്നു ലെ പെന്‍.

വിജയം ഉറപ്പാക്കിയ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അനുമോദിച്ചു. അഞ്ച് വര്‍ഷം കൂടി ഇനിയും ഫ്രാന്‍സിനെ വിശ്വസിക്കാമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മീഹോള്‍ ട്വിറ്ററില്‍ കുറിച്ചു.

മികച്ച സഹകരണം തുടരാനാകുമെന്നതില്‍ സന്തുഷ്ടയാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും ട്വീറ്റ് ചെയ്തു.

മാക്രോണിൻറെ നേതൃത്വം ഫ്രാന്‍സിന് മാത്രമല്ല യൂറോപ്പിനും നേട്ടമാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ട്വിറ്ററില്‍ പറഞ്ഞു. ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഗിയും മാക്രോണിനെ അഭിനന്ദിച്ചു.