കോര്‍ക്ക് : ഉക്രൈയ്ന്‍ അഭയാര്‍ഥികള്‍ക്കായുള്ള നോര്‍ത്ത് കോര്‍ക്കിലെ ബന്തീര്‍ എമര്‍ജെന്‍സി അക്കമൊഡേഷന്‍ സെന്ററില്‍ എത്തിയവര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍. അന്തേവാസികളില്‍ ചിലരില്‍ ഛര്‍ദ്ദിയും മറ്റും കണ്ടതിനെ തുടര്‍ന്ന് ഇവര്‍ക്ക് ചികില്‍സ ലഭ്യമാക്കി. സെന്റിലുള്ള 46 അഭയാര്‍ഥികളില്‍ 30 പേരെയാണ് രോഗം ബാധിച്ചിട്ടുള്ളതെന്ന് കോര്‍ക്ക് കൗണ്ടി കൗണ്‍സിലിൻറെ വക്താവ് വെളിപ്പെടുത്തി. എച്ച് എസ് ഇ മെഡിക്കല്‍ സ്റ്റാഫും പാരാമെഡിക്കുകളും കേന്ദ്രത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏപ്രില്‍ 16ന് രാത്രി ഏഴ് മണിയാണ് 46 അഭയാര്‍ഥികള്‍ ബന്തീറിലെത്തിയത്. അപ്പോള്‍ത്തന്നെ അവര്‍ ശാരീരിക അസ്വസ്ഥതകള്‍ കാട്ടിത്തുടങ്ങിയിരുന്നു. ഉടന്‍ വൈദ്യ സഹായം ലഭ്യമാക്കി- വക്താവ് വിശദീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എച്ച് എസ് ഇയുമായി ബന്ധപ്പെട്ട് ശേഖരിച്ചു വരികയാണെന്ന് ഇക്വാളിറ്റി വകുപ്പ് വക്താവും വ്യക്തമാക്കി.
പ്രദേശവാസികള്‍ അഭയാര്‍ഥികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നുണ്ടെന്ന് ലോക്കല്‍ കൗണ്ടി കൗണ്‍സിലര്‍ ജോണ്‍ പോള്‍ ഒഷിയ പറഞ്ഞു. അഭയാര്‍ഥികള്‍ അസുഖത്തോടെയാണ് ഇവിടെ വന്നതെന്നാണ് കരുതുന്നത്. കഴിച്ച ഭക്ഷണത്തിൻറെയോ മറ്റോ കാരണമാകാമെന്നും ഇദ്ദേഹം പറഞ്ഞു.
ഏപ്രില്‍ അവസാനത്തോടെ ഉക്രൈനില്‍ നിന്നും 34,000 അഭയാര്‍ഥികള്‍ അയര്‍ലണ്ടിലെത്തുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഏതാണ്ട് 23,000 അഭയാര്‍ഥികള്‍ അയര്‍ലണ്ടില്‍ എത്തിയിട്ടുള്ളത്. ദിവസവും ശരാശരി 500 ആളുകളെത്തുന്നുണ്ട്.
പുതിയതായി വരുന്നവര്‍ക്ക് കമ്മ്യൂണിറ്റി ഹാളുകളിലും സ്‌പോര്‍ട്‌സ് ഹാളുകളിലും ഡോര്‍മിറ്ററി ശൈലിയിലുള്ള താമസ സൗകര്യമാണ് നല്‍കുന്നത്. ആളുകളുടെ പെരുക്കം വലിയ സമ്മര്‍ദ്ദമാണ് ഈ കേന്ദ്രങ്ങളിലുണ്ടാക്കുന്നത്.
ഹോട്ടലുകളിലും ബി ആന്‍ഡ് ബികളിലുമായി 4,000 മുറികളില്‍ സര്‍ക്കാര്‍ താമസ സൗകര്യം ഏര്‍പ്പാടാക്കിയിരുന്നു. ഈ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ ഈസ്റ്റര്‍ കാലയളവില്‍ അവസാനിക്കുകയാണ്. ഇവയില്‍ ചിലത് പുതുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ടൂറിസ്റ്റ് സീസണ്‍ വരുന്നതിനാല്‍ ഹോട്ടല്‍ മുറികള്‍ ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് സൂചന.