മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ മത്സ്യവില്‍പ്പനക്കാരി

Kerala

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ മത്സ്യവില്‍പ്പനക്കാരി അല്‍ഫോന്‍സ. രണ്ട് കൈക്കും പരിക്കുപറ്റിയത് കാരണം ഒരു മാസമായി ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്‍ഫോന്‍സ ആവശ്യപ്പെട്ടു. നഗരസഭ തീരുമാനത്തിനെതിരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അഞ്ചുതെങ്ങ് ആക്ഷന്‍ കൗണ്‍സിലും അറിയിച്ചു.

സ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടത്തുകൊണ്ട് കഴിഞ്ഞ ദിവസമാണ് നഗരസഭ ഉത്തരവിറക്കിയത്. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും ജീവനക്കാരുടെ അപേക്ഷ കണക്കിലെടുത്തുമാണ് തീരുമാനമെന്നായിരുന്നു വിശദീകരണം. സസ്‌പെന്‍ഷന്‍ കാലയളവ് അര്‍ഹതപ്പെട്ട ലീവായി പരിഗണിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക് ഇസ്മാഈല്‍, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് തിരിച്ചെടുക്കല്‍ നടപടി. അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചായിരുന്നു അല്‍ഫോന്‍സ വില്‍പ്പനക്കെത്തിച്ച മത്സ്യം നഗരസഭ അധികൃതര്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തത്.