മൂന്ന് ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം നേടിയ ആദ്യത്തെ യുഎസ് കമ്പനിയായി ആപ്പിള്‍

Business International Social Media

വലേറ്റ : കോവിഡ് പകര്‍ച്ചവ്യാധിക്കിടയിലും ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം കൊയ്ത് ആപ്പിളിൻറെ ജൈത്രയാത്ര. മൂന്ന് ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം നേടിയ ആദ്യത്തെ യുഎസ് കമ്പനിയായി മാറിയിരിക്കുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍.

സെമി കണ്ടക്ടറുകളുടെ ആഗോള ക്ഷാമവും തെക്കുകിഴക്കന്‍ ഏഷ്യയിലെ കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങളും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം മറ്റ് പല സാങ്കേതിക കമ്പനികളേയും പോലെ ആപ്പിളും സമീപ മാസങ്ങളില്‍ ഏറെ പ്രതിസന്ധി നേരിട്ടിരുന്നു.

ഒക്ടോബറില്‍ ആപ്പിള്‍ ഓഹരികള്‍ ഇടിവു നേരിട്ടെങ്കിലും അവസാന രണ്ട് മാസങ്ങളില്‍ ഏകദേശം 20% നേട്ടമുണ്ടാക്കി വിപണി കീഴടക്കുകയായിരുന്നു ആപ്പിള്‍.

ഐഫോണ്‍ നിര്‍മ്മാതാവ് തിങ്കളാഴ്ച വൈകിട്ടാണ് റെക്കോഡ് നേട്ടം കൊയ്തത്. ചെറുതായൊന്ന് പിന്നോട്ട് പോകുന്നതിന് തൊട്ടുമുമ്പാണ് ഷെയറിന് 182.88 ഡോളര്‍ മൂല്യം നേടിയതെന്നതും ശ്രദ്ധേയമായി.

ആപ്പിളിൻറെ സ്ട്രീമിംഗ്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് സ്റ്റോര്‍ എന്നിവ പോലുള്ള വ്യക്തിഗത ഇലക്ട്രോണിക്‌സ്, ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഏറെ വര്‍ദ്ധിച്ച കോവിഡ് സമയത്തും 2020 ഓഗസ്റ്റില്‍ 2 ട്രില്യണ്‍ ഡോളര്‍ മൂല്യം നേടി ചരിത്രം സൃഷ്ടിക്കാനും ടെക് ഭീമന് കഴിഞ്ഞിരുന്നു.

2018 ഓഗസ്റ്റില്‍ ഒരു ട്രില്യണ്‍ ഡോളര്‍ മറികടന്ന ആദ്യത്തെ അമേരിക്കന്‍ സ്ഥാപനവും ആപ്പിളായിരുന്നു.

കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിൻറെ മരണത്തിന് തൊട്ടുമുമ്പ് 2011ല്‍ ചീഫ് എക്‌സിക്യൂട്ടീവായി ചുമതലയേറ്റ ടിം കുക്കിൻറെ അതുല്യ നേട്ടമാണ് ആപ്പിളിൻറെ ഈ കുതിപ്പ്.

യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ എക്കാലവും സിലിക്കണ്‍ വാലി കമ്പനികളുടെ ആധിപത്യമാണ്. അതിനിടയിലും 2 ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഏക അമേരിക്കന്‍ കമ്പനിയാണ് മൈക്രോസോഫ്ട്.

ഒക്ടോബറില്‍, ആപ്പിള്‍ 83.4 ബില്യണ്‍ ഡോളറിൻറെ വരുമാനത്തില്‍ നിന്നും 20.5 ബില്യണ്‍ ഡോളറിൻറെ അറ്റാദായമാണ് കമ്പനി നേടിയത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ ഉയര്‍ന്ന റെക്കോര്‍ഡാണിത്.