ഇറ്റലിയിലെ ആദ്യ ഒമിക്രോണ്‍ രോഗി എത്തിയത് രണ്ടാഴ്ച മുമ്പ്

Covid Headlines Italy

മിലാന്‍ : ഇറ്റലിയിലെ ഒമിക്രോണ്‍ രോഗി രോഗനിര്‍ണയത്തിന് മുമ്പ് ദിവസങ്ങളോളം രാജ്യത്ത് ചുറ്റിനടന്നതായി വെളിപ്പെടുത്തല്‍. മൊസാംബിക്കിലെ മാപുട്ടോയില്‍ നിന്ന് ഇറ്റലിയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഇദ്ദേഹത്തിൻറെ പിസിആര്‍ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നതിനാല്‍ സ്വന്തം വീട്ടിലെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്.

നവംബര്‍ 12ന് റോമില്‍ എത്തിയ ഇദ്ദേഹം നേപ്പിള്‍സിന് വടക്കുള്ള പട്ടണത്തിലെ തൻറെ വീട്ടിലേക്ക് യാത്ര ചെയ്തു. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം, ഷെഡ്യൂള്‍ ചെയ്ത പി സി ആര്‍ ടെസ്റ്റ് എടുക്കാന്‍ ഇദ്ദേഹം മിലാനിലേക്ക് പോവുകയും ചെയ്തു . ഒരു കാര്‍ വാടകയ്ക്കെടുത്തു യാത്ര ചെയ്യുകയും, ഒരു രാത്രി ഹോട്ടലില്‍ താമസിക്കുകയും  ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ യാത്രയ്ക്കിടയില്‍ പൊതുവായി പാലിക്കേണ്ട സാമൂഹിക അകലവും മാനദണ്ഡങ്ങളും പാലിച്ചതായി അദ്ദേഹം വ്യക്തമാക്കി.

വാക്സിന്‍ സൈക്കിള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഇദ്ദേഹത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുമ്പത്തെ സ്‌ട്രെയിനുകളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയും വാക്‌സിനുകളെ പ്രതിരോധിക്കുന്നതുമായ ഒമിക്രോണ്‍, ഡെല്‍റ്റ വേരിയന്റിൻറെ കേസുകള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യൂറോപ്പില്‍ എത്തിയിരിക്കുന്നത്.